കെഎസ്ഇബിയിൽ പൊട്ടിത്തെറി; കരാറിനായി സർക്കാരിന്റെ കടുത്ത സമ്മർദം; രാജിക്കൊരുങ്ങി ഡയറക്ടർമാർ

തിരുവനന്തപുരം: നടപടിക്രമങ്ങൾ കാറ്റിൽപറത്തി, അധിക ബാധ്യതയാകുന്ന വൈദ്യുതി കരാർ നടപ്പാക്കാൻ സർക്കാർ ചെലുത്തുന്ന സമ്മർദത്തിൽ കെഎസ്ഇബിയിൽ കടുത്ത പ്രതിഷേധം. ജനറൽ നെറ്റ്‌വർക് ആക്‌സസ് പ്ലാറ്റ്ഫോമിൽനിന്നും (ജിഎൻഎ) വൈദ്യുതി വാങ്ങാനുള്ള തീരുമാനം വൻ കമീഷൻ തട്ടാൻ മാത്രമാണെന്നാണ് വിമർശനം. സർക്കാർ നടപടികളിൽ കടുത്ത എതിർപ്പ് രേഖപ്പെടുത്തി രണ്ട് ഡയറക്ടർമാർ രാജിവെക്കാൻ സന്നദ്ധത അറിയിച്ചു.
കെഎസ്ഇബിയെ വിശ്വാസത്തിലെടുക്കാതെയാണ് മുഖ്യമന്ത്രി വി ഡി സതീശൻ സ്വകാര്യ കമ്പനിയിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കം നടത്തുന്നത്. ജിഎൻഎ, ഹിമാചൽ പ്രദേശ് വൈദ്യുതി കരാറുകൾ താരതമ്യം ചെയ്‌ത് കെഎസ്‌ഇബി തയാറാക്കിയ നോട്ടിൽ 461 കോടി രൂപയുടെ നഷ്‌ടമുണ്ടാകുമെന്ന് വ്യക്തമാക്കുന്നുണ്ട്. ഇൗ വസ്‌തുതകൾ ചൂണ്ടിക്കാട്ടിയ കെഎസ്‌ഇബി സിഎംഡി എം ജി രാജമാണിക്യത്തെ പുറത്താക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ തീരുമാനമായതിനാൽ മറ്റൊന്നും പറയാനില്ലെന്നാണ് കഴിഞ്ഞദിവസം വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചത്.
ഇതോടെ കരാറിന്റെ ബാധ്യത തങ്ങളുടെ തലയിൽകെട്ടിവെക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. കരാർ നടപ്പാക്കുന്നതിനായി കടുത്ത സമ്മർദമാണ് സർക്കാർ ചെലുത്തുന്നത്. എന്നാൽ നിയമപരമല്ലാത്ത ഒരു കാര്യവും ചെയ്യാൻ തയ്യാറല്ലെന്നാണ് ഡയറകടര്‍മാരുടെ നിലപാട്. കെഎസ്ഇബിയില്‍ നിന്നുള്ള ഫിനാന്‍സ് ഡയറകടര്‍ മാത്രമാണ് സ്ഥിരം ഡയറക്ടര്‍. ബാക്കി നാല് പേരും ചീഫ് എന്‍ജിനീയര്‍മാരാണ്. അവര്‍ക്ക് ഡയറക്ടറുടെ അധിക ചുമതലയാണുള്ളത്. ജോലിയുടെ അധിക ബാധ്യതയ്ക്ക് പുറമെയാണ് കടുത്ത അഴിമതിക്ക് വഴിവെക്കുന്ന കരാറിനുള്ള സർക്കാരിന്റെ സമ്മർവും.
യുഡിഎഫ് സർക്കാരിന്റെ ആസൂത്രണപ്പിഴവിൽ ലോഡ്ഷെഡിങ്ങ് പതിവായപ്പോഴും ജീവനക്കാരെ പഴിക്കുകയായിരുന്നു മുഖ്യമന്ത്രി. ജീവനക്കാർ ഫ്യൂസ് ഊരുന്നതുകൊണ്ടാണ് കറന്റ് പോകുന്നതെന്നായിരുന്നു ആക്ഷേപം. തുടർച്ചയായുള്ള അധിക്ഷേപത്തിൽ കടുത്ത അസംതൃപ്തിയിലാണ് ജീവനക്കാർ.









0 comments