Deshabhimani

print edition സ്വകാര്യ വൈദ്യുതി കരാര്‍; ലക്ഷ്യം കമീഷന്‍

electricity
avatar
പി ആർ ചന്തു കിരൺ

Published on Nov 04, 2026, 02:57 AM | 2 min read

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇടപെട്ട്‌ കെഎസ്‌ഇബി സിഎംഡി സ്ഥാനത്തുനിന്ന്‌ എം ജി രാജമാണിക്യത്തെ പുകച്ചു ചാടിച്ചത്‌ വൻ കമീഷൻ തട്ടാനുള്ള വൈദ്യുതിക്കരാറിനെ എതിർത്തതിന്‌. സുപ്രധാന സ്ഥാനത്തിരിക്കുന്ന ഐഎഎസ്‌ ഉദ്യോഗസ്ഥന്‌ ബന്ധമുള്ള ഗുജറാത്തിലെ കമ്പനിയിൽനിന്ന്‌ കൂടിയവിലയ്‌ക്ക്‌ വൈദ്യുതി വാങ്ങാനാണ്‌ പദ്ധതി. സ്വകാര്യ ഏജൻസിയുമായുള്ള കരാർ യാഥാർഥ്യമായാൽ സർക്കാരിന്‌ 727 കോടി ര‍ൂപയുടെ അധിക ബാധ്യതയുണ്ടാകും.


യുഡിഎഫ് സര്‍ക്കാര്‍ ആസൂത്രണത്തില്‍ വീഴ്‌ചവരുത്തി വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ചു. ഇത് മുതലെടുത്താണ് അഴിമതിക്കൊള്ളയ്‌ക്ക്‌ നീക്കം. വിപണിയിൽ കുറഞ്ഞ വിലയ്‌ക്കുള്ള വൈദ്യുതി ലഭ്യത മറച്ചുവച്ചുമാണ്‌ റെഗുലേറ്ററി കമീഷന്റെ അനുവാദമില്ലാത്ത നിയമവിരുദ്ധ ഇടപാടിന്‌ മുഖ്യമന്ത്രിയുടെ ഓഫീസടക്കം സമ്മർദം ചെലുത്തിയത്‌. രാജമാണിക്യത്തിനുപകരം മുഖ്യമന്ത്രിയുടെ വിശ്വസ്‌തന്‍ എൻ പ്രശാന്തിനെ കൊണ്ടുവന്നത്‌ ഇ‍ൗ സാഹചര്യത്തിലാണ്‌.


ജനറൽ നെറ്റ്‌വർക് ആക്‌സസ് പ്ലാറ്റ്ഫോമിൽ (ജിഎൻഎ) നിന്ന്‌ 500 മെഗാവാട്ട്‌ വൈദ്യുതി വാങ്ങാനാണ്‌ ശ്രമം. കൂടുതൽ വൈദ്യുതി ആവശ്യമില്ലാത്ത പകലുൾപ്പെടെ 24 മണിക്കൂറും 8.48 രൂപ വിലയുള്ള വൈദ്യുതി 8.63 രൂപ നിരക്കിലാണ്‌ വാങ്ങുന്നത്‌. മാർച്ച് 31 വരെ വൈദ്യുതി വാങ്ങിയാൽ 1566 കോടി രൂപ ചെലവാകും. ഹിമാചൽ പ്രദേശിൽനിന്നുള്ളതിന്‌ 1105 കോടിയും ഹരിയാനയിൽനിന്നുള്ളതിന്‌ 1281 കോടിയും മതി.

ജിഎൻഎ കരാറിലൂടെ മാത്രം 285 മുതൽ 461 കോടി രൂപവരെ അധികച്ചെലവുണ്ടാകും. ജിഎൻഎ വഴിയുള്ള വൈദ്യുതി രാത്രിസമയത്തല്ല കൂടുതൽ കിട്ടുന്നത്‌ എന്നതിനാൽ പീക്ക്‌ സമയത്തേക്ക്‌ അധികം കണ്ടെത്തണം. ഇതിന് 442 കോടി കൂടി വേണ്ടിവരും.

യൂണിറ്റിന്‌ അഞ്ച്‌ രൂപ നിരക്കിൽ സിന്നാർ താപനിലയത്തിൽനിന്ന്‌ 540 മെഗാവാട്ടിന്‌ കരാറുണ്ടെങ്കിലും അത്‌ വാങ്ങാൻ മുഖ്യമന്ത്രിയുടെ ഓഫീസിന്‌ താൽപ്പര്യമില്ല. സത്‌ലജ്‌ ജൽ വിദ്യുത്‌ നിഗം അടക്കമുള്ള കന്പനികളിൽനിന്ന്‌ 3.32 രൂപയ്‌ക്ക്‌ വൈദ്യുതി ലഭ്യമാണെന്നിരിക്കെയാണ്‌ പുതിയ കൊള്ളയ്‌ക്ക്‌ ശ്രമം.


സർക്കാർ നീക്കം അതീവ ഗുരുതരം


തിരുവനന്തപുരം : ​വൈദ്യുതി പ്രതിസന്ധിയുടെ മറവിൽ വൻ അഴിമതി നടത്താനുള്ള സർക്കാരിന്റെ നീക്കം അതീവ ഗുരുതരമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ. കൃത്യമായ ഇടപെടലുകളിലൂടെയും കാര്യക്ഷമമായ മാനേജ്‌മെന്റിലൂടെയും പ്രതിസന്ധി പരിഹരിക്കുന്നതിനു പകരം നീതീകരണമില്ലാത്ത കരാറിലേർപ്പെട്ട് ഖജനാവ് കൊള്ളയടിക്കാനാണ് ശ്രമം. ഹിമാചൽ പ്രദേശിലെ പൊതുമേഖലാ സ്ഥാപനം വൈദ്യുതി നൽകാമെന്ന് സമ്മതിച്ചിട്ടും നിശ്ചിത സമയത്ത് മറുപടി നൽകാതെ സ്വകാര്യമേഖലയിലെ കച്ചവടത്തിന് വഴിയൊരുക്കുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും കെഎസ്ഇബിയുടെ വിയോജനക്കുറിപ്പുകളും സർക്കാർ അടിയന്തരമായി പുറത്തുവിടണം –പിണറായി വിജയൻ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home