കനവല്ല, യാഥാർഥ്യം; 1656 വീടുകളിൽ വെളിച്ചമെത്തും


സ്വാതി സുജാത
Published on Sep 09, 2025, 01:03 AM | 1 min read
തിരുവനന്തപുരം : "അഞ്ചാറ് തലമുറ കഴിഞ്ഞിട്ടാണ് ഞങ്ങടെ വീട്ടീ കറന്റ് കിട്ടിയത്... ഇക്കൊല്ലം ഓണത്തിന് വീട്ടിൽ നല്ല വെട്ടമുണ്ടായിരുന്നു... സ്വപ്നം കാണുവാന്ന് തോന്നും. ഭയങ്കര സന്തോഷവാ...' മറയൂർ ഈച്ചാംപെട്ടി നഗറിലെ അമ്പതുകാരി സുകന്യയുടെ വാക്കുകളിൽ വൈദ്യുതിവെളിച്ചം കിട്ടിയ തിളക്കം.
ആഗസ്ത് 29ന് മറയൂർ പഞ്ചായത്തിലെ പുറവയൽ, ഈച്ചാംപെട്ടി, പുതുക്കുടി, വെള്ളക്കൽ ഉന്നതികളിലെ 18 വീടുകളിൽ വൈദ്യുതിയെത്തി. കെഎസ്‌ഇബി സർവേയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 42 ആദിവാസി നഗറുകളിലെ 1656 വീടുകളിൽ വെളിച്ചമെത്തിക്കുകയാണ് കെഎസ്‌ഇബിയുടെ ലക്ഷ്യം. ഇടുക്കി (92), പത്തനംതിട്ട (43), തൃശൂർ (13), പാലക്കാട് (552), മലപ്പുറം (85), വയനാട് (48), ക ണ്ണൂർ (5), എറണാകുളം (80) എ ന്നിവിടങ്ങളിലായി 918 വീടുകൾ ഇതിനകം വെെദ്യുതീകരിച്ചു.
738 വീടുകളിൽ വൈദ്യുതി എത്തിക്കുന്നതിനായി പോസ്റ്റ് സ്ഥാപിക്കൽ, ലൈൻ വലിക്കൽ തുടങ്ങിയ പ്രവൃത്തികൾ പൂർത്തിയായി. വീടുകളിൽ വയറിങ് പൂർത്തിയാക്കുന്നമുറയ്ക്ക് വൈദ്യുതി എത്തും. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തിൽ സൗജന്യമായാണ് വീടുകൾ വൈദ്യുതീകരിക്കുന്നത്. വൈദ്യുതി ലൈൻ വലിക്കാനാകാത്ത വിദൂര വനപ്രദേശങ്ങളിലുള്ള നഗറുകളിൽ സോളാർ, കാറ്റാടി നിലയങ്ങൾ സ്ഥാപിക്കാനാണ് തീരുമാനം. ഒരു വീട് പൂർണമായി വൈദ്യുതീകരിക്കാൻ 85,000 രൂപയാണ് ചെലവ്.









0 comments