ad
Deshabhimani

print edition മരുന്നിന്റെ ഗുണനിലവാരം ; മനോരമ വാർത്ത തെറ്റിദ്ധരിപ്പിക്കുന്നത്‌ : കെഎസ്‌ഡിപി

ksdp on Malayala Manorama Fake News
വെബ് ഡെസ്ക്

Published on Nov 26, 2025, 01:00 AM | 1 min read


ആലപ്പുഴ

രണ്ട്‌ വർഷത്തിനിടെ സംസ്ഥാനത്ത്‌ ഡ്രഗ്‌ കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ഗുണനിലവാരമില്ലാത്ത മരുന്നുകളിൽ സർക്കാർ വിതരണംചെയ്യുന്ന മരുന്നുകളുമുണ്ടെന്ന മലയാള മനോരമ വാർത്ത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന്‌ കേരള ഡ്രഗ്‌സ്‌ ആൻഡ്‌ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ്‌ (കെഎസ്‌ഡിപി) ചെയർമാൻ സി ബി ചന്ദ്രബാബു പറഞ്ഞു. വാർത്തയിൽ വിവരങ്ങൾ കൃത്യവും പൂർണവുമല്ല.


കെഎസ്‌ഡിപി ഉൽപ്പാദിപ്പിക്കുന്നതിൽ പ്രമേഹത്തിന്‌ നൽകുന്ന ‘ഗ്ലിമിപിറൈഡ്‌’ എന്ന മരുന്നാണ്‌ ഡ്രഗ്‌ കൺട്രോൾ വിഭാഗം നടത്തിയ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടത്‌. മരുന്ന്‌ നിശ്‌ചിതസമയത്തിനുള്ളിൽ വെള്ളത്തിൽ അലിഞ്ഞ്‌ ചേരുന്നില്ല എന്നതാണ്‌ കണ്ടെത്തൽ. ഉൽപ്പാദനത്തിൽ പ്രശ്‌നമുള്ളതിനാലോ, വ്യാജമായതിനാലോ അല്ല മരുന്ന്‌ അലിയാൻ സമയമെടുത്തത്‌. വാങ്ങിയ സ്ഥാപനം അവ സംഭരിച്ച്‌ വയ്‌ക്കുന്നതിൽ കൃത്യമായ മാനദണ്ഡം പാലിക്കാത്തതിനാലാകാം അങ്ങനെ സംഭവിച്ചത്‌. സംഭരിക്കുന്ന സ്ഥലത്തെ താപനില, ഇ‍ൗർപ്പം എന്നതിലൊക്കെ വരുന്ന വ്യത്യാസങ്ങൾ മരുന്നിന്റെ സ്വഭാവത്തെ ബാധിക്കും.


ഗുണനിലവാരത്തിൽ വരുന്ന മാറ്റങ്ങൾ കൃത്യമായി മനസിലാക്കാൻ, കാലാവധി തീരുന്നതുവരെ മരുന്നിന്റെ സാമ്പിളുകൾ കെഎസ്‌ഡിപിയിൽ സ്‌റ്റെബിലിറ്റി ചേംബറിൽ സൂക്ഷിക്കുകയും പരിശോധിക്കുകയുംചെയ്യും. ഗുണനിലവാരമില്ലെന്ന്‌ കണ്ടെത്തി ഡ്രഗ്‌ കൺട്രോൾ വിഭാഗം നൽകിയ റിപ്പോർട്ടിനെ കെഎസ്‌ഡിപി ചലഞ്ച്‌ ചെയ്‌തിട്ടുണ്ട്‌. പരിശോധന നടത്തി പരാജയപ്പെട്ട മരുന്നിന്റെ അതേ ബാച്ചിലെ മരുന്ന്‌ കെഎസ്‌ഡിപിയിൽനിന്ന്‌ ശേഖരിച്ച്‌ പുനർപരിശോധന നടത്തും. അതിലും പരാജയപ്പെടുകയാണെങ്കിൽ മാത്രമേ ഗുണനിലവാരമില്ലെന്ന്‌ പറയാനാകൂ. കൃത്യമായ അളവില്ലെന്നോ മറ്റ്‌ പ്രശ്‌നങ്ങളുണ്ടെന്നോ കെഎസ്‌ഡിപിയുടെ മരുന്നുകളെക്കുറിച്ച്‌ പരാതിയില്ല. കറണ്ട്‌ ഗൂഡ്‌ മാനുഫാക്‌ചറിങ്‌ പ്രാക്‌ടീസ്‌ (സിജിഎംപി) മാനദണ്ഡം പാലിച്ചാണ്‌ കെഎസ്‌ഡിപി പ്രവർത്തിക്കുന്നത്‌. വിവിധയിടങ്ങളിൽ സ്വകാര്യസ്ഥാപനങ്ങൾ ഉൽപ്പാദിപ്പിക്കുന്ന നിലവാരമില്ലാത്ത കഫ്‌ സിറപ്പുകളും മരുന്നുകളും കണ്ടെത്തിയ സാഹചര്യത്തിൽ പരിശോധന കൂടുതൽ ശക്‌തമാക്കണമെന്നും സി ബി ചന്ദ്രബാബു പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home