print edition ഐഎൻടിയുസി വിമതവിഭാഗത്തിന് കെപിസിസി പിന്തുണ


സ്വന്തം ലേഖകൻ
Published on May 03, 2026, 12:01 AM | 1 min read
തിരുവനന്തപുരം : ഐഎൻടിയുസി കേരളഘടകത്തിന്റെ നേതൃത്വം പിടിച്ചെടുക്കാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമത്തിന് കെപിസിസി നേതൃത്വത്തിന്റെ പിന്തുണ. ജൂണിൽ നടക്കാനിരിക്കുന്ന നാലുവർഷത്തിലൊരിക്കലുള്ള സംഘടനാ തെരഞ്ഞെടുപ്പിൽ ഏതുവിധേനയും നേതൃത്വം പിടിക്കാനാണ് വിമതശ്രമം. അതിനുവേണ്ടി സമാന്തര കമ്മിറ്റി രൂപീകരിച്ച് ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് മാർച്ച് നടത്തിയത് എന്നാണ് വിമർശം.
ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖറിനെ പുകച്ചുപുറത്തുചാടിക്കാൻ ഏറെ കാലമായുള്ള ശ്രമമാണ്. അതിന്റെ ഭാഗമായി അദ്ദേഹത്തിന് എതിരായ ആരോപണങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിനൽകി നിരന്തരം വാർത്തയാക്കി.
ശക്തമായ ട്രേഡ് യൂണിയൻ ഐക്യമുണ്ടായിരുന്ന സംസ്ഥാനമായിരുന്നു കേരളം. അഖിലേന്ത്യതലത്തിൽ കേന്ദ്ര ട്രേഡ് യുണിയനുകൾ യോജിച്ചുള്ള പ്രക്ഷോഭങ്ങളിൽ കേരളത്തിലും ഐക്യത്തോടെയായിരുന്നു യൂണിയനുകളുടെ പ്രവർത്തനം. കഴിഞ്ഞ അഖിലേന്ത്യ പണിമുടക്കിൽ കേരളത്തിലെ ഐക്യം കെപിസിസി തകർത്തു. ഇടതുപക്ഷ ട്രേഡ് യൂണിയനുകളുമായി ചേർന്ന് സമരം വേണ്ടെന്ന് ഐഎൻടിയുസിക്ക് നിർദേശം നൽകി. കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ കേരളത്തിന് പുറത്ത് യോജിച്ചുനിൽക്കുമ്പോഴാണ് കെപിസിസി നേതൃത്വത്തിന്റെ വിലക്ക്.
സമാന്തര സമിതിയുടെ രക്ഷാധികാരികളിൽ കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി തമ്പാനൂർ രവി ഉൾപ്പെടെയുള്ളവരുണ്ട്. ആർ എം പരമേശ്വരനാണ് ചെയർമാൻ. വാർത്താസമ്മേളനങ്ങൾ നടത്തിയാണ് നേതൃത്വത്തിനെതിരെ ഇവരുടെ അഴിമതി ആരോപണം. ജൂൺ, ജൂലൈ മാസങ്ങളിലായി നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പിൽ മേധാവിത്വം നേടാനുള്ള ശ്രമമാണ് വിമത വിഭാഗത്തിന്റേത്. സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണത്തിൽ വൻ അഴിമതി നടന്നതായി ആരോപിച്ചാണ് കഴിഞ്ഞദിവസം ഇവർ മാർച്ച് നടത്തിയതും. വിഷയത്തിൽ കെപിസിസി ഇടപെടാതിരിക്കുന്നത് വിമതവിഭാഗത്തെ സംരക്ഷിക്കുന്നതിനാണ്.











0 comments