‘ജയിലിലാക്കിയ കോൺഗ്രസ് നേതാക്കൾക്കെതിരെ മിണ്ടരുത്’; തങ്കച്ചനുമേൽ സമ്മർദവുമായി കെപിസിസി പ്രസിഡന്റ്

കൽപ്പറ്റ : കോൺഗ്രസ് നേതാക്കൾ കള്ളക്കേസിൽ കുടുക്കി ജയിലിലാക്കിയ വാർഡ് പ്രസിഡന്റ് മരക്കടവ് കാനാട്ടുമലയിൽ തങ്കച്ചനുമേൽ സമ്മർദവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വിഷയത്തിൽ നേതാക്കൾക്കെതിരെ പ്രതികരിക്കരുതെന്ന് ആവശ്യപ്പെട്ട് ഞായർ രാത്രിയാണ് സണ്ണി ജോസഫ് ഫോണിൽ വിളിച്ചത്. ഡിസിസി പ്രസിഡന്റടക്കമുള്ള നേതാക്കൾ കള്ളക്കേസുണ്ടാക്കി കർഷകനും പ്രാദേശികനേതാവുമായ തങ്കച്ചനെ 17 ദിവസം ജയിലിലടച്ച ക്രൂരത കോൺഗ്രസിനാകെ നാണക്കേടായതിനെത്തുടർന്നാണ് കെപിസിസി പ്രസിഡന്റിന്റെ "അടിയന്തര രക്ഷാപ്രവർത്തനം'. തങ്കച്ചനും ഭാര്യ സിനിയും തിങ്കൾ രാവിലെ കൽപ്പറ്റയിൽ വാർത്താസമ്മേളനം നടത്താനിരിക്കെയായിരുന്നു ദുരൂഹമായ ഇടപെടൽ.
അന്വേഷണ കമീഷൻ രൂപീകരിച്ച് വിഷയം പഠിച്ച് ഏഴുദിവസത്തിനുള്ളിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് വാഗ്‌ദാനം നൽകിയായിരുന്നു അനുനയം. കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിലാണ് തങ്കച്ചൻ സമ്മർദവിവരം തുറന്നുപറഞ്ഞത്.
തൽക്കാലം കെപിസിസി നേതൃത്വത്തെ വിശ്വാസത്തിലെടുക്കുന്നതായും നടപടിയുണ്ടായില്ലെങ്കിൽ കൂടുതൽ പ്രതികരണം നടത്തുമെന്നും തങ്കച്ചൻ പറഞ്ഞു. കള്ളക്കേസ് കെട്ടിച്ചമച്ചത് ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിലാണ്.
മുള്ളൻകൊല്ലിയിൽ വികസനസെമിനാറിനിടെയുണ്ടായ സംഭവങ്ങളുടെ തുടർച്ചയായാണിത്. എൻ ഡി അപ്പച്ചൻ, ഡിസിസി ജനറൽ സെക്രട്ടറി പി ഡി സജി, ബ്ലോക്ക് വൈസ് പ്രസിഡന്റ് അനീഷ് മാമ്പള്ളി, മണ്ഡലം പ്രസിഡന്റ് ഷിനോ കടുപ്പിൽ, പഞ്ചായത്ത് അംഗം ജോസ് നെല്ലേടം എന്നിവരാണ് ഗൂഢാലോചന നടത്തിയത്. വീട്ടിൽ കിടന്നുറങ്ങാൻ സമ്മതിക്കില്ലെന്ന് സംഘം ഭീഷണിപ്പെടുത്തിയിരുന്നു. വിഷയത്തിൽ വിശദ അന്വേഷണം വേണമെന്നും മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റുചെയ്യണമെന്നും തങ്കച്ചൻ ആവശ്യപ്പെട്ടു.









0 comments