print edition മുണ്ടക്കെെ വീട് എന്തായി ? വാർത്താസമ്മേളനം നിർത്തി സണ്ണി ജോസഫ്

തിരുവനന്തപുരം
മുണ്ടക്കൈ ദുരന്തബാധിതർക്ക് കോൺഗ്രസ് നിർമിച്ചുനൽകാമെന്നേറ്റ വീടുകളെപ്പറ്റി ചോദ്യമുയർന്നപ്പോൾ, വാർത്താസമ്മേളനം അവസാനിപ്പിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കെപിസിസി ഭാരവാഹികളുടെയും രാഷ്‌ട്രീയകാര്യസമിതിയുടെയും യോഗതീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനമാണ് പെട്ടെന്ന് അവസാനിപ്പിച്ചത്.
സർക്കാരിനെ വിമർശിക്കാൻ വിഷയങ്ങളൊന്നുമില്ല എന്നായപ്പോൾ, ശബരിമല ഉപയോഗിച്ച് രാഷ്ട്രീയസമരത്തിനാണ് കെപിസിസി തീരുമാനം. വൃശ്‌ചികം ഒന്നിന് വാർഡുകളിൽ ജ്യോതി തെളിയിക്കുമെന്നാണ് സണ്ണി ജോസഫ് അറിയിച്ചത്. ശബരിമലയിൽ സർക്കാരിന് പ്രത്യേകം പങ്കില്ലെങ്കിലും അവിടുത്തെ കാര്യങ്ങളിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തെ സർക്കാറും ദേവസ്വം ബോർഡും സ്വാഗതംചെയ്‌തതാണ്. ഇൗ നിലപാട് സർക്കാർ നിയമഭയിലും പുറത്തും വ്യക്തമാക്കി. എന്നാൽ, കോടതി അന്വേഷണത്തിൽ തൃപ്‌തരാകാത്ത കോൺഗ്രസ് നേതാക്കളിൽ പലർക്കും പലവിധ അഭിപ്രായമായിരുന്നു. അതിനിടയിലാണ് പുതിയ സമരം കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചത്.
വയനാടിനുള്ള ഫണ്ടിന്റെയും സ്ഥലത്തിന്റെയും കാര്യം വയനാട്ടിലെ കമ്മിറ്റി പറയുമെന്നു പറഞ്ഞാണ് സണ്ണി ജോസഫ് വാർത്താസമ്മേളനം അവസാനിപ്പിച്ചത്. തിരുവനന്തപുരം കേസരി സ്‌മാരക ട്രസ്‌റ്റ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സിൽ, വയനാട് ഫണ്ടിനെക്കുറിച്ച് കെപിസിസി പ്രസിഡന്റ് പറയുമെന്നാണ് കെ മുരളീധരൻ പറഞ്ഞത്.









0 comments