എൻ എം വിജയന്റെ കുടുംബത്തെ തഴഞ്ഞ് കെപിസിസി പ്രസിഡന്റ്


സ്വന്തം ലേഖകൻ
Published on May 17, 2025, 09:54 AM | 1 min read
കൽപ്പറ്റ: കോൺഗ്രസ് നേതാക്കളുടെ കോഴ ഇടപാടിൽ കുരുങ്ങി ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബത്തെ അവഗണിച്ച് വയനാട്ടിലെത്തിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കുടുംബാഗങ്ങളെ കാണാനോ പ്രശ്‌നം പരിഹരിക്കാനോ തയ്യാറായില്ല.
കുടുംബത്തിന്റെ ബാധ്യത തീർക്കാൻ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടി. കെപിസിസി പ്രസിഡന്റായി നിയമിതനായശേഷം ഡിസിസി ഓഫീസിലെ സ്വീകരണത്തിന് എത്തിയപ്പോഴായിരുന്നു പ്രതികരണം.
വിഷയം പഠിക്കാൻ കെപിസിസി നിയോഗിച്ച അന്വേഷണ സമിതി അംഗമായിരുന്ന സണ്ണിജോസഫ് മുമ്പ് കുടുംബത്തെ സന്ദർശിച്ച് ബാധ്യത ഏറ്റെടുക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. കഴിഞ്ഞ ആഴ്‌ച ജില്ലയിലെത്തിയ പ്രതിപക്ഷനേതാവ് വി ഡി സതീശനും കുടുംബത്തെ കാണാൻ തയ്യാറായിരുന്നില്ല. ബാധ്യത താങ്ങാനാകാതെ തങ്ങളും ആത്മഹത്യയുടെ വക്കിലാണെന്ന് ദിവസങ്ങൾക്ക് മുമ്പ് വിജയന്റെ മൂത്തമകൻ വിജേഷും ഭാര്യ പത്മജയും തുറന്നടിച്ചിരുന്നു. പ്രിയങ്കാഗാന്ധി എംപി ജില്ലയിലെത്തിയപ്പോൾ കുടുംബം കാണാൻ ശ്രമിച്ചെങ്കിലും കോൺഗ്രസ് അനുമതി നിഷേധിച്ചിരുന്നു.
0 comments