print edition കെപിസിസി പ്രസിഡന്റിനായി മുറവിളി: ആദ്യം ഡീലടുപ്പിക്കൽ; പിന്നെയാകാം നാഥൻ

തിരുവനന്തപുരം
: കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കണമെന്ന മുറവിളി ശക്തമാകുമ്പോഴും ഏറ്റ ഡീലുകൾ കരയ്ക്കടുപ്പിക്കാനുള്ള തിരക്കിൽ മുഖ്യമന്ത്രി വി ഡി സതീശനടക്കമുള്ള നേതാക്കൾ. ജോസഫ് വാഴയ്ക്കൻ പ്രസിഡന്റാകുമെന്ന് സൂചനവന്ന സാഹചര്യത്തിൽ അത് അട്ടിമറിക്കാനായി ഫ്ലക്സ് യുദ്ധം ആരംഭിച്ചിരുന്നു.
കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹ്‌നാൻ, മാത്യു കുഴൽനാടൻ, അടൂർ പ്രകാശ് തുടങ്ങി ഒട്ടേറെ പേരുകളുയർത്തിയാണ് പ്രതിരോധിച്ചത്. അവസരം ലാക്കാക്കി തെരഞ്ഞെടുപ്പിന് മുന്പേയുണ്ടാക്കിയ ഡീലുകൾക്ക് പിന്നിലാണ് മുഖ്യമന്ത്രി വി ഡി സതീശൻ. കെപിസിസിയുടെ നിയന്ത്രണമില്ലാതെ കുതിരക്കച്ചവടം തുടരുകയാണ് ലക്ഷ്യം. യുഡിഎഫ് യോഗം ചേരാൻ കൺവീനർ അടൂർ പ്രകാശ് അറിയിച്ചിട്ടും മുഖ്യമന്ത്രി ഡേറ്റ് നൽകാത്തതും ഇതേ കാരണത്താലാണ്.
സംസ്ഥാനത്തെ ബാധിക്കുന്ന വിഷയങ്ങളിലടക്കം വി ഡി സതീശൻ ഒറ്റയ്ക്ക് തീരുമാനമെടുക്കുന്ന സാഹചര്യത്തിലാണ് പ്രസിഡന്റിനെ ഉടൻ തീരുമാനിക്കണമെന്നും നിലവിലുള്ള നേതൃയോഗം ഉടൻ ചേരണമെന്നും ആവശ്യപ്പെട്ട് ജനറൽ സെക്രട്ടറിമാരായ പി എം നിയാസ്, എം ആർ അഭിലാഷ് എന്നിർ കത്ത് നൽകിയത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ്‌മുൻഷിയാണ് കെപിസിസി ഓഫീസ് ഭരിക്കുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം.
മന്ത്രിയായതോടെ സണ്ണി ജോസഫ് പ്രസിഡന്റ് പണി അവസാനിപ്പിച്ചു. മന്ത്രിമാരായതിനാൽ വർക്കിങ് പ്രസിഡന്റുമാരായ പി സി വിഷ്ണുനാഥും എ പി അനിൽകുമാറും ആ വഴിക്ക് പോകുന്നില്ല. എത്രയും വേഗം നാഥനുണ്ടാകണമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള മുതിർന്ന നേതാക്കളും ആവശ്യപ്പെടുന്നത്.











0 comments