print edition കെപിസിസി പ്രസിഡന്റ്: ‘ഇങ്ങനെയങ്ങ് പോകട്ടെ’ എന്ന് ഇരുകൂട്ടരും

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിനെ ഉടൻ മാറ്റി പുതിയ പ്രസിഡന്റിനെയും ഭാരവാഹികളെയും വയ്-ക്കണമെന്നും ഇല്ലെങ്കിൽ പാർടിയുടെ കാര്യം കഷ്‌ടമാകുമെന്നും വിലപിച്ച നേതാക്കൾക്ക് കിട്ടിയത് കൂട്ട പരിഹാസം. മുഖ്യമന്ത്രി വി ഡി സതീശൻ ഒരു ഭാഗത്ത്, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മറുഭാഗത്ത്. ഇവരുടെ തമ്മിലടി കണ്ടാണ് മുതിർന്നവരടക്കം ഹൈക്കമാൻഡിനോട് ചില അഭ്യർഥനകൾ നടത്തിയത്. വി എം സുധീരനും മുല്ലപ്പള്ളിയും മുതൽ രാജ്‌മോഹൻ ഉണ്ണിത്താൻ വരെ പരസ്യവാദങ്ങളുയർത്തി. കെപിസിസി പ്രസിഡന്റിനെ മാറ്റാനുള്ള ഡൽഹി നീക്കം തണുത്തതോടെയാണിത്.
എ പി അനിൽകുമാറിനെ പ്രസിഡന്റാക്കാമെന്ന മോഹം വേണ്ടെന്ന് സതീശൻ ഹൈക്കമാൻഡിന് സൂചന നൽകിക്കഴിഞ്ഞു. മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നില്ലെന്നാണ് തീരുമാനം. വാർത്തകളൊക്കെ ആസ്വദിച്ചെങ്കിലും ഉള്ളിൽ അനിലിനും സന്തോഷം. കോൺഗ്രസിൽ മന്ത്രിയെവിടെ, കെപിസിസി പ്രസിഡന്റ് എവിടെ. കെ സി വേണുഗോപാലും നിലപാട് വ്യക്തമാക്കി. ഉത്തർപ്രദേശുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതിനാൽ എഐസിസി നേതാക്കൾ വലിയ തിരക്കിലാണ്. ഇതിനിടയിൽ എന്ത് കെപിസിസി പ്രസിഡന്റ്?.
നിലവിലുള്ള പ്രസിഡന്റ് സണ്ണി ജോസഫിനോട് മാധ്യമങ്ങൾ ‘പുതിയ പ്രസിഡന്റ് എവിടെ?’ എന്ന് സങ്കടം പറഞ്ഞു. ‘പുതിയ പ്രസിഡന്റിന് സ്വാഗതം’ എന്ന് ഫലിതം പറഞ്ഞ് സണ്ണിയും ഒഴിഞ്ഞു. കസേരയ്-ക്ക് തൊട്ടരികിലാണ് താൻ നിൽക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് ആവർത്തിക്കുന്നുണ്ട്. പക്ഷെ, ശക്തരായ രണ്ട് ഗ്രൂപ്പുകളും തൽക്കാലം പുനഃസംഘടന വേണ്ട എന്ന് പറഞ്ഞ് കോംപ്ലിമെന്റ്‌സ് ആക്കുന്ന കാര്യം കൊടിക്കുന്നിൽ അറിഞ്ഞിട്ടില്ല. പുതിയ പ്രസിഡന്റ്, സഹഭാരവാഹികൾ, എക്-സിക്യൂട്ടീവ്, എഐസിസി ഭാരവാഹിത്വം, ഡിസിസി പ്രസിഡന്റ് എന്നിങ്ങനെ നേതാക്കളുടെ നെടുനീളൻ സ്വപ്‌നങ്ങളാണ് ഇതോടെ പൊലിയുന്നത്.









0 comments