print edition കെപിസിസി ഭാരവാഹി യോഗം 23ന്‌; സെക്രട്ടറിമാരുടെ ജംബോ പട്ടിക ഉടൻ

Congress
avatar
ഒ വി സുരേഷ്‌

Published on Oct 21, 2025, 12:01 AM | 1 min read

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയിൽ ജംബോ പട്ടിക പ്രഖ്യാപിച്ചിട്ടും തർക്കങ്ങൾ തീരാതെ കോൺഗ്രസ്‌. സാമുദായിക സമവാക്യങ്ങളെല്ലാം നോക്കിയാണ്‌ ജനറൽ സെക്രട്ടറിമാരുടെയും വൈസ്‌ പ്രസിഡന്റുമാരുടെയും പട്ടിക തയ്യാറാക്കിയതെങ്കിലും ഫലത്തിൽ സാമുദായിക സംഘടനകളെല്ലാം എതിരായി. ഭാരവാഹികളുടെ യോഗം വ്യാഴാഴ്‌ച വിളിച്ചുചേർത്തിട്ടുണ്ട്‌. സെക്രട്ടറിമാരുടെ പട്ടികയും എക്‌സിക്യൂട്ടീവ്‌ കമ്മറ്റിയെയും ഉടൻ പ്രഖ്യാപിക്കണമെന്ന ആവശ്യം യോഗത്തിലുയരും.


കെപിസിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭാരവാഹി പട്ടികയാണ്‌ ഇത്തവണത്തേത്‌. ഒരുകാലത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പദവി ഇല്ലാതിരുന്ന കെപിസിസിക്ക്‌ പിന്നീട്‌ ഒന്നും മൂന്നും ഒക്കെയായി ഇപ്പോൾ 13 പേരായിട്ടും തർക്കം ബാക്കിയാണ്‌. 13 വൈസ്‌ പ്രസിഡന്റുമാരിൽ ഒരാൾ മാത്രമാണ്‌ വനിത. സീനിയർ നേതാക്കളായ ബിന്ദു കൃഷ്‌ണ, ഷാനിമോൾ ഉസ്‌മാൻ എന്നിവരെ ഒഴിവാക്കി രമ്യ ഹരിദാസിനെയാണ്‌ വൈസ്‌പ്രസിഡന്റാക്കിയത്‌. 59 ജനറൽ സെക്രട്ടറിമാരെ നിശ്‌ചയിച്ചിട്ടും താൻ നിർദേശിച്ചവരെ ഒഴിവാക്കിയെന്ന്‌ പ്രതിഷേധിച്ച കെ മുരളീധരനും രമേശ്‌ ചെന്നിത്തലയും സെക്രട്ടറിമാരുടെ പട്ടിക വരാൻ കാത്തിരിക്കുകയാണ്‌. ജാഥ നയിച്ച്‌ പന്തളത്ത്‌ എത്തിയശേഷം, വിശ്വാസസംഗമം ബഹിഷ്‌കരിച്ച കെ മുരളീധരനെ ചടങ്ങിൽ തിരിച്ചെത്തിച്ചത്‌ ഇ‍ൗ വാഗ്‌ദാനം നൽകിയാണത്രെ.


80 പേരുൾക്കൊള്ളുന്ന സെക്രട്ടറിമാരുടെ പട്ടിക തയ്യാറായിരുന്നു. എന്നാൽ, ജനറൽ സെക്രട്ടറിമാരുടെ എണ്ണം 59 ആയതോടെ സെക്രട്ടറിമാരുടെ എണ്ണം 118 എങ്കിലുമാക്കേണ്ടതുണ്ട്‌ എന്നതിനാൽ ഇത്‌ പരസ്യപ്പെടുത്തുന്നത്‌ നീട്ടിവയ്‌ക്കുകയായിരുന്നു. ഒരു ജനറൽ സെക്രട്ടറിക്ക്‌ രണ്ടു സെക്രട്ടറിമാർ എന്നാണ്‌ കണക്ക്‌. പട്ടിക ഇ‍ൗ മാസം 28ന്‌ പ്രഖ്യാപിച്ചേക്കും. വ്യാഴാഴ്‌ച ചേരുന്ന ഭാരവാഹി യോഗത്തിലേക്ക്‌ രാഷ്ട്രീയകാര്യസമിതി അംഗങ്ങളെ വിളിച്ചിട്ടില്ല. 40 പേരുള്ളതാണ്‌ ഇ‍ൗ സമിതി. പുനഃസംഘടന സാമുദായിക സംഘടനകളുടെ എതിർപ്പിനിടയാക്കിയതും യോഗത്തിൽ ചർച്ചയാകും. ഓർത്തഡോക്‌സ്‌ സഭാ നേതൃത്വം കെപിസിസി പ്രസിഡന്റിനെ അതിരൂക്ഷമായാണ്‌ വിമർശിച്ചത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Home