കെപിസിസി രാഷ്‌ട്രീയകാര്യ സമിതി 3ന്, വിവാദങ്ങളുടെ കുത്തൊഴുക്ക്

ഒ വി സുരേഷ്
Published on Aug 31, 2026, 01:42 AM | 1 min read
തിരുവനന്തപുരം
: യുഡിഎഫ് സർക്കാർ വിവാദങ്ങളുടെ ട്രാക്കിൽ തുടരുന്നതിനിടെ കെപിസിസി രാഷ്‌ട്രീയകാര്യസമിതി സെപ്‌തംബർ മൂന്നിന് ചേരുന്നു. കെപിസിസി പ്രസിഡന്റിൽ തീരുമാനമായിട്ടുമതി യോഗംചേരൽ എന്ന മുൻ തീരുമാനം ഒരുവിഭാഗത്തിന്റെ സമ്മർദത്തിൽ മാറ്റി.
2025 ഒക്‌ടോബർ ആറിനാണ് സമിതി ഒൗദ്യോഗികമായി ചേർന്നത്. നിയമസഭാ സമ്മേളനം കഴിഞ്ഞ് വൈകിട്ട് ചേർന്ന യോഗം കാര്യമായ തീരുമാനമെടുക്കാതെ അവസാനിപ്പിച്ചു. നവംബർ 12ന് വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി എത്തിയെങ്കിലും വി ഡി സതീശൻ ബഹിഷ്‌കരിച്ചതിനാൽ ചേർന്നില്ല. മൂന്നിന് ചേരുന്ന യോഗത്തിലും സതീശൻ മുഴുവൻ സമയം പങ്കെടുക്കുമെന്നതിൽ ഉറപ്പില്ല. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായോ അതിനുശേഷമോ യോഗം വിളിച്ചുമില്ല.
2016ൽ വി എം സുധീരൻ പ്രസിന്റായിരിക്കെ കെപിസിസി ജംബോ കമ്മിറ്റി ആയതിനാലാണ് മുതിർന്ന നേതാക്കൾകൂടിയുള്ള രാഷ്‌ട്രീയകാര്യ സമിതി രൂപീകരിച്ചത്. പ്രതിമാസയോഗം ചേരണമെന്നാണ് നിശ്‌ചിച്ചിരുന്നത്. അത് പത്തുമാസമായി ചേർന്നിട്ടില്ല. പ്രസിഡന്റായ സണ്ണി ജോസഫ് മന്ത്രിയാകുംമുമ്പ് തുടങ്ങിവച്ചതാണ് പുതിയ പ്രസിഡന്റിനായുള്ള ചർച്ച. അത് ഏതാണ്ട് നിർത്തിവച്ചു. ഒമ്പതുപേർ സ്വയം പ്രസിഡന്റായി വന്നു. നോമിനികൾ വേറെയും. ജാതി, സമുദായ കാർഡുകളും ഇറക്കി. ഡൽഹിയിലും കേരളത്തിലുമായി ചർച്ചനീണ്ടു.
സണ്ണിജോസ-ഫിനെ താൽപര്യമില്ലെങ്കിലും കെ സി വേണുഗോപാലിന്റെ നോമിനി വരാതിരിക്കാനാണ് സതീശന്റെ സമ്മർദം.
ഏഴു ജില്ലകളിൽ ഡിസിസി പ്രസിഡന്റുമാർ എംഎൽഎമാരാണ്. നൂറിലേറെ പേരുള്ള സെക്രട്ടറി പട്ടിക കോൾഡ് സ്‌റ്റോറേജിലാണ്. ഇന്ദിരാഭവനിലേക്ക് നേതാക്കൾപോലുമെത്തുന്നില്ല.
സർക്കാരിന്റെ വിവാദ തീരുമാനങ്ങളോട് ചില നേതാക്കളുടെ അതൃപ്‌തി പൊട്ടിത്തെറിയായേക്കും. മുഖ്യമന്ത്രിയുടെ ഏകാധിപത്യം മന്ത്രിമാർക്കുപോലും അംഗീകരിക്കാനാകുന്നില്ല. എം ലിജുവിന്റെയും ബിന്ദുകൃഷ്‌ണയുടെയും പ്രൈവറ്റ് സെക്രട്ടറിമാരുടെ നിയമനവും ചില മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫ് അംഗങ്ങളുടെ നിയമനവും വൈകിപ്പിച്ചത് മുഖ്യമന്ത്രിയാണ് എന്ന അഭിപ്രായം മന്ത്രിമാർക്കുതന്നെയുണ്ട്.










0 comments