print edition പുനഃസംഘടന, സ്ഥാനാർഥി നിർണയം ; തെരഞ്ഞെടുപ്പിന്റെ പേരിൽ ‘ഒതുക്കി’ കെപിസിസി

തിരുവനന്തപുരം
പുനഃസംഘടനയിലും സ്ഥാനാർഥി നിർണയത്തിലും അഭിപ്രായം പറയാൻ കെപിസിസി യോഗത്തിൽ അനുവദിക്കാത്തതിനെച്ചൊല്ലി കോൺഗ്രസിൽ ഒരു വിഭാഗത്തിന് അസംതൃപ്തി.
സ്ഥാനാർഥി നിർണയത്തിൽ യുവജനങ്ങളെ പാടേ തള്ളിയെന്നാണ് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ ജെ ജനീഷ് പരസ്യമായി ഇക്കാര്യം ഉന്നയിച്ചു.
നേതൃത്വത്തിന് ഭൂതകാലം അറിയില്ലേയെന്നാണ് ചോദ്യം. ഇത് സ്ഥാനാർഥി നിർണയത്തെ ചൊല്ലിയാണ്. കെ സി വേണുഗോപാലിന്റെയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റേയും അനുവാദത്തോടെയാണ് ജെനീഷിന്റെ നീക്കമെന്നും പറയുന്നു. കണ്ണൂരിൽ കെ സുധാകരനും എറണാകുളത്ത് വി ഡി സതീശനുമാണ് സ്ഥാനാർഥി നിർണയത്തിൽ ഇടപെടുന്നത്.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് കടുത്ത നീരസത്തിലായ സതീശനെ സ്ഥാനാർഥി നിർണയത്തിലും അകറ്റാൻ ശ്രമമുണ്ട്. സെക്രട്ടറിയേറ്റ് മാർച്ചിൽനിന്നും ഭാരവാഹി യോഗത്തിൽനിന്നും വിട്ടുനിന്നത് ആരോഗ്യ പ്രശ്നം കൊണ്ട് മാത്രമല്ലെന്നാണ് നേതാക്കൾ നൽകുന്ന സൂചന. ജനറൽ സെക്രട്ടറി നിയമനത്തിൽ അവഗണിക്കുകയുംചെയ്തു. സെക്രട്ടറിമാരെ തീരുമാനിക്കൽ ഇപ്പോൾ വേണ്ടെന്ന് തീരുമാനിച്ചതും തിരിച്ചടിയായി. തെരഞ്ഞെടുപ്പ് ചുമതല പൂർണമായും വേണുഗോപാൽ വക്താക്കളായ ഷാഫി പറന്പിൽ, പി സി വിഷ്ണുനാഥ്, എ പി അനിൽകുമാർ എന്നിവർക്കാണ്. കെപിസിസി ഓഫീസിൽ ഇവരുടെ വിശ്വസ്തനായ എം എ വാഹിദാണ്. ഇതിലൊന്നും സതീശന് റോളില്ല. ജനറൽ സെക്രട്ടറിമാരുടെ എണ്ണം കൂട്ടിയെങ്കിലും വൈസ് പ്രസിഡന്റുമാർക്കാണ് കൂടുതൽ അധികാരം നൽകിയത്.
സംഘടനയെ പിടിച്ചടക്കിയ വേണുഗോപാലിനും സണ്ണി ജോസഫിനും പാർടിക്കകത്തും പുറത്തും ഗൗരവമേറിയ പ്രശ്നങ്ങളാണ് നേരിടാനുള്ളതെന്ന് നേതാക്കൾ പറയുന്നു. പണം പിരിച്ചിട്ടും വയനാട് വീട് നിർമിക്കാനായില്ല. ഇക്കാര്യങ്ങൾ വാർത്താസമ്മേളനത്തിൽ ചോദിച്ചപ്പോൾ അതൊക്കെ വയനാടുള്ള നേതാക്കൾ പറയട്ടെ എന്നുപറഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നു സണ്ണി ജോസഫ്.
രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകുന്നതിനെതിരെയും ഒരു വിഭാഗം നേതാക്കൾ നീരസം അറിയിച്ചിട്ടുണ്ട്. മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതി സംബന്ധിച്ച ചർച്ച ദോഷം ചെയ്യുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.









0 comments