ജനങ്ങൾ സർക്കാരിനെതിരല്ലെങ്കിൽ എങ്ങനെ ജയിക്കുമെന്ന് നേതാക്കൾ
print edition നേതൃക്യാമ്പിൽനിന്ന് കോൺഗ്രസിന് ശുഭവാർത്തയില്ല ; ഭരണവിരുദ്ധവികാരമില്ലെന്ന് കനുഗോലുവും

ഒ വി സുരേഷ്
Published on Jan 07, 2026, 02:16 AM | 1 min read
തിരുവനന്തപുരം
സംസ്ഥാന സർക്കാരിനെതിരെ ഭരണവിരുദ്ധവികാരമില്ലെന്ന് കോൺഗ്രസ് നേതൃക്യാന്പിൽ സുനിൽ കനുഗോലുവിന്റെ റിപ്പോർട്ട്. ഭരണവിരുദ്ധ വികാരമില്ലെന്ന സിപിഐ എം വാദം ശരിവയ്‌ക്കുന്നതാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പിആർ ഏജൻസി തലവൻ കനുഗോലു വയനാട് ബത്തേരിയിലെ ആഡംബര റിസോർട്ടിലെ ക്യാന്പിൽ സമർപ്പിച്ച റിപ്പോർട്ട്. ഭരണവിരുദ്ധ വികാരമില്ലെങ്കിൽ എങ്ങനെ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം തരപ്പെടുത്തുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ ചോദ്യം.
സർക്കാരിന്റെ വികസനവും ക്ഷേമപദ്ധതികളും ജനങ്ങളിൽ മതിപ്പുണ്ടാക്കിയിട്ടുണ്ട്. അതിനാൽ സർക്കാർ വിരുദ്ധ വികാരത്താലല്ല തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം. എല്‍ഡിഎഫിന്റെ അടിസ്ഥാന വോട്ടുകളില്‍ ഇടിവുണ്ടായിട്ടില്ല. സർക്കാർ വിരുദ്ധ വികാരം ജനങ്ങളിലുണ്ടാക്കാൻ വേണ്ടതൊക്കെ ചെയ്യണം. എന്നാലേ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാനാകൂ. യുഡിഎഫിന് അനുകൂലമായി ക്രൈസ്‌തവ വോട്ടുകൾ ഏകീകരിച്ചിട്ടില്ല. മുസ്ലിം വോട്ടുകള്‍ മാത്രമാണ് യുഡിഎഫിന് അനുകൂലമായത് –റിപ്പോർട്ടിൽ പറയുന്നു.
85 സീറ്റ് നേടുമെന്ന് മാധ്യമങ്ങളെ ഉപയോഗിച്ച് പ്രചാരണം തുടങ്ങിയത് കനുഗോലുവിന്റെ നിർദേപ്രകാരമാണ്. 2021ൽ ഘടകകക്ഷികളുടെ സീറ്റ് പിടിച്ചെടുത്ത് 93 സീറ്റിൽ മത്സരിച്ചിട്ടും കോൺഗ്രസിന് ജയിക്കാനായത് 21 സീറ്റിൽ മാത്രം. തോൽക്കുന്ന മണ്ഡലത്തിന്റെ പേര് മുൻകൂട്ടി പറയുന്നതിൽ അർഥമില്ലെന്നും തുടർച്ചയായി മത്സരിക്കുന്നവർ മാറിനിൽക്കണമെന്ന നിർദേശം സ്വീകാര്യമല്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
നിലവിൽ വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ മുരളീധരൻ തുടങ്ങിയവർ തങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. കെ സി വേണുഗോപാലിനൊപ്പം നിൽക്കുന്നവർക്ക് സീറ്റ് ഉറപ്പാണെന്നതാണ് സ്ഥിതി. നിശബ്‌ദ നീക്കത്തിലൂടെ, കെപിസിസി, യൂത്ത് കോൺഗ്രസ്, കെഎസ്‌യു, മഹിളാ നേതൃത്വം കൈയടക്കിയ വേണുഗോപാലിന്റെ തന്ത്രം മറ്റു നേതാക്കളെ ഭീതിയിലാക്കിയിട്ടുണ്ട്. സീറ്റ് നഷ്‌ടമാകുന്നത് ഇവർക്ക് അംഗീകരിക്കാൻ പ്രയാസമാകും.










0 comments