കോഴിക്കോട് മെഡിക്കൽ കോളേജിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം; വലഞ്ഞ് രോഗികളും കൂട്ടിരിപ്പുകാരും

കോഴിക്കോട്: ജില്ലയിൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിലും കോഴിക്കോട് മെഡിക്കൽ കോളേജിൽ കുടിവെള്ള വിതരണം നിലച്ചിട്ട് ആഴ്ചകൾ. സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗം ഉൾപ്പെടെ ആശുപത്രിയിലെ മിക്ക വാർഡുകളിലും ശുദ്ധജലം കിട്ടാക്കനിയായി മാറി.
മണിക്കൂറുകളോളം ടാപ്പുകൾക്ക് മുന്നിൽ കാത്തിരുന്നാലും തുള്ളി വെള്ളം പോലും ലഭിക്കാത്ത അവസ്ഥയാണെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. ആശുപത്രിയിൽ കുടിവെള്ളം മുടങ്ങിയതോടെ രോഗികൾ ആശ്രയിക്കുന്നത് പരിസരത്തെ കാന്റീനുകളെയും ഹോട്ടലുകളെയും ആണ്.
അമിതവില നൽകി വാങ്ങുന്ന ഈ വെള്ളം ശുദ്ധമാണോ എന്ന് ഉറപ്പുവരുത്താൻ പോലും കഴിയുന്നില്ല. കൊടുംചൂടിലും പകർച്ചവ്യാധി ഭീഷണിയിലും കഴിയുന്ന രോഗികൾക്ക് ഇത് വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്.
ആഴ്ചകളായി നീണ്ടുനിൽക്കുന്ന ജലക്ഷാമം പരിഹരിക്കാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. പലതവണ പരാതിപ്പെട്ടിട്ടും എപ്പോൾ വെള്ളം ലഭിക്കുമെന്നതിനെക്കുറിച്ച് കൃത്യമായ മറുപടി നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല.
വാർഡുകളിലെ ടാപ്പുകൾ ഭൂരിഭാഗം സമയവും നിശ്ചലമാണ്. പകർച്ചവ്യാധി പ്രതിരോധത്തിന് ശുചിത്വം അത്യാവശ്യമായ ആശുപത്രിയിൽ തന്നെ വെള്ളം ലഭിക്കാത്തത് വലിയ വീഴ്ചയാണെന്ന് വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്.
അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്താനാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും തീരുമാനം. അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ട് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ ആശുപത്രി സൂപ്രണ്ടും ആരോഗ്യവകുപ്പും തയ്യാറാകണമെന്ന ആവശ്യം ശക്തമാകുന്നു.










0 comments