ad
Deshabhimani

നിയമവിദ്യാർഥിനിയുടെ മരണം: യുവാവ് അറസ്റ്റിൽ

young man arrested
വെബ് ഡെസ്ക്

Published on Mar 06, 2025, 08:57 PM | 1 min read

കോഴിക്കോട്: ലോ കോളേജ് വിദ്യാർഥിനി മൗസ മെഹറിസിന്റെ ആത്മഹത്യയെ തുടർന്ന്‌ ഒളിവിലായിരുന്ന ആൺസുഹൃത്തിനെ ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തു. ചേവായൂർ കാരക്കുന്നുമ്മൽ ഇബ്രാഹിമിന്റെ മകൻ ഇ അൽഫാനാ(34)ണ്‌ അറസ്റ്റിലായത്. അൽഫാന്റെ നിരന്തരമായ ഭീഷണിയാണ് പെൺകുട്ടിയെ മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.


കാറിനോട് പെൺകുട്ടിക്കുണ്ടായിരുന്ന പ്രത്യേക താൽപ്പര്യം മുതലെടുത്ത് പുതിയ മോഡൽ കാറുമായെത്തി സൗഹൃദത്തിലാവുകയായിരുന്നു. സൗഹൃദം ദൃഢമായതോടെ തന്റെ പൂർണ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം തുടങ്ങി. സുഹൃത്തുക്കളോടുപോലും സംസാരിക്കാൻ അനുവദിച്ചില്ല. വീട് മാറാൻ നിർബന്ധിച്ചു കൊണ്ടിരുന്നു. ഒടുവിൽ അൽഫാനിൽനിന്ന് അകലാൻ ശ്രമിച്ചപ്പോൾ എല്ലാ കാര്യങ്ങളും വീട്ടിലേക്ക് വിളിച്ചുപറയുമെന്നും അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. മരിക്കുന്നതിന്റെ തലേദിവസം രാത്രി ഇരിങ്ങാടൻ പള്ളി ബൈപാസ് റോഡിൽവച്ച് മർദിക്കുകയും ഫോൺ പിടിച്ചുവാങ്ങി കൊണ്ടുപോകുകയും ചെയ്തുവെന്നും പൊലീസ്‌ പറഞ്ഞു.


പെൺകുട്ടി മോശമായ രീതിയിൽ ആൺകുട്ടികൾക്കൊപ്പം പോകുന്നുണ്ടെന്ന് അവളുടെ വീട്ടുകാരോട് പറയുന്നതിന്റെ ശബ്ദസന്ദേശം അവളുടെ സുഹൃത്തിന്റെ ഫോണിലേക്ക് അയച്ചുകൊടുത്തു. മാനസികമായി തകർന്ന് പിറ്റേന്ന് പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. തുടർന്ന്‌ അൽഫാൻ ഗുണ്ടൽപേട്ടിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. പൊലീസ്‌ പിന്തുടരുന്നത് മനസ്സിലാക്കി ബംഗളൂരു, ഗോവ, വൈത്തിരി എന്നിവിടങ്ങളിൽ മാറി മാറി താമസിക്കുകയായിരുന്നു. അൽഫാന്‌ ഭാര്യയും ഒരു കുട്ടിയുമുണ്ട്.


പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. ചേവായൂർ പൊലീസ് സബ് ഇൻസ്‌പെക്ടർ നിമിൻ കെ ദിവാകരൻ, സിപിഒ സിംജിത്ത് മുണ്ടക്കൽ, ജിനേഷ്, ദിബേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഫെബ്രുവരി 24നാണ്‌ തൃശൂർ പാവറട്ടി സ്വദേശിയായ മൗസ മെഹറിസിനെ വെള്ളിമാട്‌ കുന്നിലെ ഹോസ്‌റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home