പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിക്ക് പീഡനം
5 ബിജെപി പ്രവർത്തകർ അറസ്റ്റിൽ

ഗാന്ധിനഗർ ആർപ്പൂക്കര മഞ്ചാടിക്കരിയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകർ ഉൾപ്പെടെ അഞ്ച് പേർ കൂടി പിടിയിൽ. നാല് പേരെ മുന്പ് അറസ്റ്റ് ചെയ്തിരുന്നു. 2025 മെയ് 19നായിരുന്നു കേസിമാസ്‌പദമായ സംഭവം. രണ്ട് മാസം മുന്പാണ് പീഡന വിവരം മാതാപിതാക്കൾ അറിയുന്നത്. തുടർന്ന് ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ ഒന്പത് പ്രതികൾ ഉൾപ്പെട്ടതായി പെൺകുട്ടിയുടെ മൊഴി നൽകി. ആദ്യം നാല് പേരെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കി. എന്നാൽ മറ്റ് അഞ്ച് പ്രതികൾ ബിജെപി പ്രവർത്തകരായിരുന്നു. ഇതിൽ ബിജെപി പോഷക സംഘടനയുടെ ജില്ലാ ഭാരവാഹികളും ഉൾപ്പെട്ടു. ഇവരെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് വൈകുന്നതിൽ മാതാപിതാക്കൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടർന്ന് സിപിഐ എം ആർപ്പൂക്കര ലോക്കൽ കമ്മിറ്റി പ്രതിഷേധിക്കാനൊരുങ്ങി. സംഭവത്തിൽ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലേക്ക് ബുധനാഴ്ച പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ ചൊവ്വ രാത്രിതന്നെ പ്രതികൾ സ്റ്റേഷനിൽ കീഴടങ്ങി. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. പ്രതികളായ ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ വൈകിയ ഗാന്ധിനഗർ പൊലീസിന്റെ നടപടിയിൽ ദുരൂഹതയുണ്ടെന്ന് സിപിഐ എം ലോക്കൽ സെക്രട്ടറി ടി എം ഷിബുകുമാർ ആരോപിച്ചു.










0 comments