കോഴിക്കോട് –കൊല്ലഗൽ ദേശീയപാത പൂർണമായും അടയ്‌ക്കണമെന്ന് കർണാടകം

കൽപ്പറ്റ : രാത്രിയാത്രാ നിരോധനമുള്ള കോഴിക്കോട്–കൊല്ലഗൽ ദേശീയപാത(എൻഎച്ച് 766) പൂർണമായും അടയ്‌ക്കണമെന്ന് കർണാടകം. ബന്ദിപ്പൂർ കടുവാസങ്കേതം കൺസർവേറ്റർ ആൻഡ് ഡയറക്ടർ എസ് പ്രഭാകരൻ വെള്ളിയാഴ്‌ച സുപ്രീംകോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് കർണാടകം ഈ ആവശ്യം ഉന്നയിച്ചത്.
രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള കേസിൽ കക്ഷി ചേരാൻ ബത്തേരി സ്വദേശി പോൾ മാത്യൂസ് സമർപ്പിച്ച ഹർജിയിൽ, കക്ഷികൾക്ക് അയച്ച നോട്ടീസിന് മറുപടിയായാണ് സത്യവാങ്‌മൂലം കർണാടകം നൽകിയത്. 16 വർഷമായ രാത്രിയാത്രാ നിരോധനം പിൻവലിക്കണമെന്ന് കേരളം നിരന്തരം ആവശ്യപ്പെടുകയും സുപ്രീംകോടതിയിൽ കേസ് നടത്തുകയും ചെയ്യുമ്പോഴാണ് കോൺഗ്രസ് ഭരിക്കുന്ന കർണാടക റോഡ് പൂർണമായി അടയ്ക്കണമെന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്.
ദേശീയപാത 766 ബന്ദിപ്പൂർ കടുവ സങ്കേതത്തിന്റെ ഉൾമേഖലയിലൂടെയാണ് കടന്നുപോകുന്നതെന്നും ഇതിന് ബദലായി കുട്ട–ഗോണിക്കുപ്പ വഴിയുള്ള സംസ്ഥാന ഹൈവേ നവീകരിച്ചിട്ടുണ്ടെന്നും രാത്രിയും പകലും ഇതുവഴി പോകാമെന്നുമാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. ആവശ്യമെങ്കിൽ ഇതിലെ മേൽപ്പാതയോ, തുരങ്കപാതയോ നിർമിക്കാമെന്നുമുണ്ട്. മുത്തങ്ങയിൽ കേരള അതിർത്തി മുതൽ ഗുണ്ടൽപേട്ടിലെ മദൂർവരെ 19.5 കിലോമീറ്ററാണ് രാത്രിയാത്രാ നിരോധനം. രാത്രി ഒമ്പതിനുശേഷം വാഹനങ്ങൾക്ക് പോകാനാകില്ല. റോഡ് തുറന്നുകിട്ടാൻ കേരളം ശക്തമായ നീക്കം നടത്തുന്നതിനിടെയാണ് പൂർണമായും അടയ്‌ക്കണമെന്ന കർണാടകയുടെ ആവശ്യം.









0 comments