കനത്ത മഴ: ഖനനത്തിനും ജലാശയങ്ങളിൽ ഇറങ്ങുന്നതിനും വിലക്ക്; കോഴിക്കോട് ജില്ലയിൽ നിയന്ത്രണം

കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടി ഉത്തരവിട്ടു. ജില്ലയിൽ നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ദുരന്ത നിവാരണ നിയമം (2005, സെക്ഷൻ 26, 30) പ്രകാരം അടിയന്തര നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, ഖനനം, മണലെടുക്കൽ, കിണർ നിർമാണം എന്നിവ കർശനമായി നിരോധിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് തുടർച്ചയായ നാല് ദിവസം 'ഗ്രീൻ അലർട്ട്' പ്രഖ്യാപിക്കുന്നത് വരെ ഈ വിലക്ക് തുടരും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ ജില്ലയിലെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പൂർണ്ണമായി വിലക്കിയിട്ടുണ്ട്.
ഉരുൾപൊട്ടൽ ഭീഷണിയുള്ള മലയോര പ്രദേശങ്ങൾ, ചുരം മേഖലകൾ എന്നിവിടങ്ങളിലേക്ക് രാത്രി 7 മണി മുതൽ രാവിലെ 7 മണി വരെ അടിയന്തര സ്വഭാവമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് കളക്ടർ നിർദേശിച്ചു.











0 comments