തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നാല് വർഷത്തിനിടെ നീക്കം ചെയ്തത് 1,000 ടൺ പ്ലാസ്റ്റിക് മാലിന്യം

തിരുവനന്തപുരം: തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് കഴിഞ്ഞ നാല് വർഷത്തിനിടെ നീക്കം ചെയ്തത് 1,000 ടൺ പ്ലാസ്റ്റിക് മാലിന്യം. ഇത് ഏകദേശം 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമാണ്. ഇവ നിരത്തിവെച്ചാൽ 12,000 കിലോമീറ്റർ നീളം വരും. ഇത് ഇന്ത്യയുടെ മൊത്തം തീരദേശത്തേക്കാൾ കൂടുതലാണ്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് നേട്ടം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
അലയൻസ് സർവീസസ് ഇന്ത്യയും അലയൻസ് ടെക്നോളജി ഇന്ത്യയും ചേർന്നാണ് പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്യാനുള്ള സിഎസ്ആർ പദ്ധതി നടപ്പാക്കിയത്. 2022ൽ ആരംഭിച്ച പദ്ധതിക്കായി ഇതുവരെ 5 കോടിയിലധികം രൂപ ചെലവഴിച്ചു. 'ട്രാഷ്ബൂം' എന്ന ഫ്ലോട്ടിങ് വേലികൾ ഉപയോഗിച്ച് നദികളിലെയും തോടുകളിലെയും മാലിന്യം കടലിലെത്തും മുൻപേ തടയുന്നതാണ് രീതി.
തമ്പാനൂർ തോട്, കരമനയാർ, കിള്ളിയാർ ഉൾപ്പെടെ നഗരത്തിലെ 15 പ്രധാന കേന്ദ്രങ്ങളിൽ ശുചീകരണം നടക്കുന്നു. തണൽ ട്രസ്റ്റ്, സുസ്തേര ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ചാണ് പ്രവർത്തനം. ജർമ്മൻ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. മാലിന്യങ്ങൾ ശേഖരിക്കാനും തരംതിരിക്കാനും 23 പ്രൊഫഷണലുകളുടെ സംഘവും പ്രവർത്തിക്കുന്നുണ്ട്.
പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് തമിഴ്‌നാട്ടിലെ ഡാൽമിയ സിമന്റ് ഫാക്ടറിയിൽ പരിസ്ഥിതി സൗഹൃദമായി നശിപ്പിക്കുകയാണ് ചെയ്യുന്നത്. പുനരുപയോഗിക്കാവുന്നവ ഉപയോഗിച്ച് പ്രാദേശിക ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നുണ്ട്. വേളി ബീച്ചിലെ വേസ്റ്റ് ബിന്നുകൾ ഇത്തരത്തിൽ നിർമിച്ചതാണ്.
പദ്ധതി നഗരത്തിലെ വെള്ളപ്പൊക്ക ഭീഷണി കുറയ്ക്കുകയും പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. തിരുവനന്തപുരത്ത് പരീക്ഷിച്ച ഈ മാതൃക ഇപ്പോൾ മംഗളൂരു, ബംഗളൂരു, മുംബൈ, കാൺപൂർ, വാരണാസി തുടങ്ങിയ നഗരങ്ങളിലേക്കും വ്യാപിപ്പിച്ചു. പദ്ധതിക്ക് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.
മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, അഡ്വ. മോൻസ് ജോസഫ്, കെ എം ഷാജി, മേയർ അഡ്വ. വി വി രാജേഷ്, എംഎൽഎ വി മുരളീധരൻ തുടങ്ങിയവർ ഔദ്യോഗിക പ്രഖ്യാപനത്തിൽ പങ്കെടുത്തു.











0 comments