ഇതിലും നല്ല എഡിറ്റിങ് ചാറ്റ് ജിപിടിയുടേത് ; 'ദാദ' ഫസ്റ്റ് ലുക്ക് പോസ്റ്ററിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോള്‍

മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് മുൻ നായകൻ സൗരഭ് ഗാംഗുലിയുടെ ബയോപിക്കായ 'ദാദ': 'ദ സൗരഭ് ഗാംഗുലി സ്റ്റോറി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനവും പരിഹാസവും.
2002ൽ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ബാൽക്കണിയിൽ വെച്ച് ജേഴ്സി ഊരി വീശി ആഘോഷിച്ച സൗരവ് ഗാംഗുലിയുെട നിമിഷമാണ് പോസ്റ്ററിൽ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. ഈ പോസ്റ്റർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് തനിക്കുള്ള 'ഏറ്റവും മികച്ച ജന്മദിന സമ്മാനം' എന്ന് ഗാംഗുലി വിശേഷിപ്പിക്കുകയും ചെയ്തു. എന്നാൽ പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ സാമൂഹികമാധ്യമങ്ങളിൽ വൻ വിമർശനമാണ് ഉയരുന്നത്.
ഒരു 'കാർട്ടൂൺ അവതാർ' പോലെയാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നതെന്നും ചാറ്റ് ജിപിടി ഉപയോഗിച്ചിരുന്നെങ്കിൽ ഇതിലും മികച്ച രീതിയിൽ എഡിറ്റ് ചെയ്യാമായിരുന്നു എന്നുമുള്ള വിമർശനങ്ങൾ ഉയർന്നു. ഒരു ബയോപിക്കിനെ സംബന്ധിച്ച്, കണ്ടതിൽ വെച്ച് ഏറ്റവും മോശം ഫസ്റ്റ് ലുക്കാണിതെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന് പറഞ്ഞ് ഒരു കൂട്ടം പേർ പിന്തുണയുമായെത്തി. രാജ്കുമാര്‍ റാവുവാണ് ചിത്രത്തിൽ ഗാംഗുലിയുടെ വേഷം അവതരിപ്പിക്കുന്നത്. അടുത്ത വർഷം മെയ് 14ന് 'ദാദ' ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. വിക്രമാദിത്യ മോട്‌വാനെയാണ് സിനിമ സംവിധാനം ചെയ്യുന്നത്.











0 comments