സ്‌കൂൾ പ്രവേശനത്തിന് വൈദ്യപരിശോധന നിർബന്ധമാക്കി ഒമാൻ ആരോഗ്യമന്ത്രാലയം

മസ്‌കറ്റ്: പുതിയ അധ്യയന വർഷത്തിൽ സ്‌കൂൾ പ്രവേശനത്തിന് മുന്നോടിയായി ഒന്നാം ക്ലാസിൽ പ്രവേശനം തേടുന്ന വിദ്യാർഥികൾക്ക് നിർബന്ധിത വൈദ്യപരിശോധന നടപ്പിലാക്കാൻ ഒമാൻ ആരോഗ്യമന്ത്രാലയം തയ്യാറെടുക്കുന്നു. ഒമാൻ ആരോഗ്യ മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് പ്രസ്തുത പരിശോധന നടപ്പിലാക്കുക.
വിദ്യാർഥികളുടെ സമഗ്ര ആരോഗ്യപരിപാലനം ലക്ഷ്യമിട്ട് നടത്തുന്ന വാർഷിക ആരോഗ്യ സ്‌ക്രീനിംഗ് കാമ്പയിൻ ആയിട്ടാകും ഇനിമുതൽ പദ്ധതി നടപ്പിലാക്കുകയെന്ന് അധികൃതർ അറിയിച്ചു. സ്കൂൾ പ്രവേശനത്തിന് മുൻപു തന്നെ ഏതൊരു ആരോഗ്യസ്ഥിതിയും തിരിച്ചറിയാൻ സ്ക്രീനിംഗ് സഹായിക്കും. ക്ളാസുകൾ തുടങ്ങുന്നതിന് മുൻപു തന്നെ കുട്ടികൾക്ക് ഉചിതമായ പ്രതിരോധ ആരോഗ്യ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലൂടെ സുരക്ഷിതവും ആരോഗ്യകരവുമായ സ്കൂൾ അന്തരീക്ഷം നിലനിർത്തുന്നതിനും ഈ പരിശോധനകൾ സഹായകമാണെന്ന് രക്ഷിതാക്കളും അഭിപ്രായപ്പെടുന്നു.
മസ്‌കറ്റ് ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് സംഘടിപ്പിക്കുന്ന കാമ്പയിൻ ജൂലൈ 6 ന് ആരംഭിച്ച് 2026 ആഗസ്ത് 31 ന് അവസാനിക്കും. 2020 സെപ്റ്റംബർ 1 നും 2022 ജനുവരി 1 നും ഇടയിൽ ജനിച്ച കുട്ടികൾ സ്‌ക്രീനിംഗിന് അർഹരാണ്. ഉയരം, ഭാരം തുടങ്ങിയ അളവുകൾ, കാഴ്ച, കേൾവി പരിശോധനകൾ, രോഗപ്രതിരോധ രേഖകളുടെ അവലോകനം, പൊതുവായ ശാരീരിക പരിശോധന എന്നിവ മെഡിക്കൽ വിലയിരുത്തലിൽ ഉൾപ്പെടുന്നു.











0 comments