ad
Deshabhimani

കവടിയാർ കൊട്ടാരത്തിലെ ആഭരണക്കവർച്ച: അന്വേഷണം കേരളത്തിന് പുറത്തേക്കും

Kowdiar.jpg
വെബ് ഡെസ്ക്

Published on Mar 21, 2026, 01:37 PM | 1 min read

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നടന്ന രണ്ടുകോടിയോളം രൂപയുടെ ആഭരണക്കവർച്ചയിൽ അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു. മോഷ്ടിക്കപ്പെട്ട ആഭരണങ്ങൾ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ പുരാവസ്തു വിപണികളിലേക്ക് കടത്തിയോ എന്നാണ് ക്രൈം ബ്രാഞ്ച് പ്രധാനമായും സംശയിക്കുന്നത്.


ചെന്നൈ, ബെംഗളൂരു നഗരങ്ങൾ കേന്ദ്രീകരിച്ച് പൗരാണിക ആഭരണങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സംഘങ്ങളെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. കൊട്ടാരത്തിലെ മുതിർന്ന അംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിയുടെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ, വജ്ര ആഭരണങ്ങളാണ് കഴിഞ്ഞ വർഷം ഒക്ടോബർ-നവംബർ മാസങ്ങൾക്കിടയിൽ കാണാതായത്.


നവംബറിൽ ബെംഗളൂരു യാത്രയ്ക്ക് മുന്നോടിയായി അലമാര പരിശോധിച്ചപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപ്പെട്ടത്. പത്മനാഭസ്വാമിയുടെ ചിത്രം പതിച്ച പതക്കം, വജ്രം പതിച്ച നാഗപട കമ്മലുകൾ, റൂബി വളകൾ, വിദേശത്തുനിന്നും കൊണ്ടുവന്ന അമൂല്യ ശേഖരങ്ങൾ എന്നിവയടക്കം കോടിക്കണക്കിന് രൂപയുടെ വസ്തുക്കളാണ് നഷ്ടപ്പെട്ടത്.


മോഷണം നടന്നുവെന്ന് കരുതുന്ന മാസങ്ങളിലെ കൊട്ടാര പരിസരത്തെ ഫോൺ കോൾ വിവരങ്ങൾ ക്രൈം ബ്രാഞ്ച് വിശദമായി പരിശോധിക്കുന്നുണ്ട്. കൊട്ടാരത്തിൽ സ്ഥിരമായി എത്താറുള്ള സന്ദർശകർ, യൂട്യൂബർമാർ, ജീവനക്കാർ എന്നിവരെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം.


സമാനമായ രീതിയിൽ കൊട്ടാരങ്ങളിലോ പുരാതന തറവാടുകളിലോ മോഷണം നടത്തുന്ന സംഘങ്ങൾ സമീപകാലത്ത് കേരളത്തിൽ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. ആദ്യഘട്ടത്തിൽ പേരൂർക്കട പൊലീസ് അന്വേഷിച്ച കേസ്, വസ്തുക്കളുടെ പൗരാണിക മൂല്യവും ഗൗരവവും പരിഗണിച്ചാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home