ad
Deshabhimani

കോട്ടയത്തെ മഴക്കെടുതി; മുൻകരുതലെടുത്തില്ല, സമ്പൂർണ പരാജയമായി സർക്കാർ സംവിധാനങ്ങൾ

PALA TOWN WATER

കനത്ത മഴയിൽ പാലാ ടൗണിൽ വെള്ളം കയറിയപ്പോൾ. ഫോട്ടോ: ദേശാഭിമാനി

വെബ് ഡെസ്ക്

Published on Aug 02, 2026, 11:07 AM | 1 min read

കോട്ടയം : കോട്ടയം ജില്ലയിൽ കനത്ത മഴ പെയ്യുമെന്നും ഉരുൾപൊട്ടലുണ്ടാകുമെന്നും തിരിച്ചറിഞ്ഞ്‌ മുൻകരുതലെടുക്കുന്നതിൽ സർക്കാർ സംവിധാനം സമ്പൂർണ പരാജയമായി. വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച്‌ അലർട്ട്‌ ഉണ്ടായിട്ടും വേണ്ടത്ര മുൻകരുതലുകളെടുത്തില്ല. മുന്നറിയിപ്പുകളും ഉണ്ടായിരുന്നില്ല. മുമ്പുണ്ടായിട്ടില്ലാത്തത്ര വേഗത്തിലാണ്‌ നദികളിൽ ജലനിരപ്പുയർന്നത്‌. നേരം വെളുത്തപ്പോഴേക്കും പാലാ, ഇ‍ൗരാറ്റുപേട്ട നഗരങ്ങളിൽ അരയോളം വെള്ളമായി.


കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്‌ ഉരുൾപൊട്ടലുണ്ടായ പൂഞ്ഞാർ തെക്കേക്കരയിലാണ്‌ - 212.6 മില്ലിമീറ്റർ. കുമരകം (110 എംഎം), വാഗമൺ (314 എംഎം), മേച്ചാൽ (218 എംഎം), പാതാമ്പുഴ (179 എംഎം) എന്നിവിടങ്ങളാണ്‌ തൊട്ടുപിന്നിലുള്ളത്‌. പയ്യാനിത്തോട്ടത്ത്‌ ഉരുൾപൊട്ടൽ സാധ്യത കണ്ടറിയാൻ സർക്കാർ സംവിധാനത്തിനായില്ല. 20 വർഷം മുമ്പ്‌ ഉരുൾപൊട്ടൽ ഉണ്ടായിട്ടുള്ള പ്രദേശമാണിത്‌.


മലയോര മേഖലയിൽ മഴ ശക്തി പ്രാപിക്കുന്നതിനു മുമ്പേ അപകടമേഖലയിലുള്ള ആളുകളെ ക്യാമ്പുകളിലേക്ക്‌ മാറ്റുന്നതാണ്‌ രീതി. ഇക്കാര്യത്തിൽ സർക്കാർ സംവിധാനങ്ങൾ തികഞ്ഞ പരാജയമായി. സർക്കാരിന്റെ കണക്കുകൂട്ടലുകളിലൊന്നും ഇത്രയും വലിയ മഴ പ്രവചിച്ചിരുന്നില്ല. ദുരന്തമുണ്ടായപ്പോൾ മാത്രമാണ്‌ ക്യാമ്പുകൾ തുറന്നത്‌.


വ്യാപാര സ്ഥാപനങ്ങൾക്ക് ലക്ഷങ്ങളുടെ നഷ്‌ടം


അവിചാരിതമായി എത്തിയ മലവെള്ളത്തിൽ നഗരത്തിലെ നിരവധി വ്യാപാര സ്ഥാപനങ്ങൾ വെള്ളത്തിലായി. വസ്‌ത്രവ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, പലചരക്ക്-പച്ചക്കറി വ്യാപാരം, പെയ്ൻ്റ് വ്യാപാരം, ബേക്കറി, പ്രിൻ്റിംഗ് പ്രസ് തുടങ്ങി നിരവധി സ്ഥാപനങ്ങളിലായി ലക്ഷങ്ങളടെ നഷ്ടമാണ് സംഭവിച്ചത്. ശനി രാവിലെ താഴ്ന്ന പ്രദേശങ്ങളായ മൂന്നാനി, കടയം, വളഞ്ഞങ്ങാനം, കൊട്ടാരമറ്റം, കൊല്ലപ്പള്ളി എന്നിവിടങ്ങളിൽ മാത്രമാണ് വെള്ളം കയറിയത്.


വെള്ളത്തിൻ്റെ വരവ് കുറഞ്ഞ സാഹചര്യത്തിൽ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര തിരിച്ചവർ മടങ്ങിവരാൻ ഏറെ ബുദ്ധിമുട്ടി. നോക്കി നിൽക്കെ ഒമ്പതോടെ നഗരം വെള്ളത്തിൽ മുങ്ങി. റോഡുകളിലെല്ലാം വെള്ളം കയറി ഗതാഗതവും മുടങ്ങി. വൈകിട്ടോടെ വെള്ളം താഴ്ന്ന് തുടങ്ങിയെങ്കിലും രാത്രിയിൽ മഴയോ ഉരുൾപൊട്ടലോ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് വെള്ളപ്പൊക്കത്തിൻ്റെ കെടുതിയിൽ കഴിയുന്നവർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home