വീട്ടമ്മയുടെ മരണം
print edition ചികിത്സാ പിഴവ് സ്ഥിരീകരിച്ച് മന്ത്രി

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ചങ്ങനാശേരി സ്വദേശിനി ഹസീനയുടെ കാര്യത്തിൽ ചികിത്സാപ്പിഴവ് ഉണ്ടായെന്ന് സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി കെ മുരളീധരൻ. ചികിത്സാപ്പിഴവ് ഉണ്ടായതായി ആരോഗ്യ വിദ്യാഭ്യാസ ഡയറക്‌ടർ (ഡിഎംഇ) നിയമിച്ച അന്വേഷകസംഘം കണ്ടെത്തിയെന്ന് മന്ത്രി പറഞ്ഞു. കോട്ടയത്ത് സ്വകാര്യ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹെർണിയ ശസ്‌ത്രക്രിയക്ക് വിധേയയായ ചങ്ങനാശേരി പുതൂർപ്പള്ളി പുതുപറമ്പിൽ ഹസീന (49) രണ്ടിന് പുലർച്ചെയാണ് മരിച്ചത്. ശസ്‌ത്രക്രിയയ്‌ക്കുശേഷം ആരോഗ്യനില വഷളായ ഹസീനയെ പാരസെറ്റാമോൾ നൽകി വീട്ടിലേക്ക് പറഞ്ഞുവിട്ടു. രോഗം മൂർച്ഛിച്ച് വീണ്ടും ആശുപത്രിയിലെത്തിച്ചിട്ടും കൃത്യമായ ചികിത്സ നൽകിയില്ലെന്നാണ് ബന്ധുക്കൾ പരാതി നൽകിയത്.
ആശുപത്രിക്ക് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന നിലപാടിലായിരുന്നു മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ. ഡിവൈഎഫ്‌ഐ പ്രവർത്തകർ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ ഉപരോധിച്ചതോടെയാണ് അന്വേഷണം നടത്താൻ നിർബന്ധിതമായത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം മേധാവി ഡോ. പി കെ തോമസ് ചെയർമാനായ മൂന്നംഗ സമിതി ആശുപത്രിയിലെത്തി തെളിവെടുപ്പ് നടത്തി നൽകിയ റിപ്പോർട്ടിലാണ് ആശുപത്രിയുടെ വീഴ്‌ച അംഗീകരിച്ചത്. റിപ്പോർട്ടിന്റെ വിശദാംശങ്ങൾ മന്ത്രി വെളിപ്പെടുത്തിയില്ല.









0 comments