print edition മികവിന് മറ്റെന്ത് തെളിവു വേണം; എല്ലാം പക്കയാ

കോട്ടയം: ‘‘കുട്ടിക്കാലം മുതൽ കാണുന്ന ആശുപത്രിയാണ്. എന്തൊരു പുരോഗതിയാണ് ഇവിടെയുണ്ടായത്! കോട്ടയം മെഡിക്കൽ കോളേജിന് എന്റെ വക നൂറിൽ നൂറ് മാർക്ക്.'' –മലയാളികളുടെ ഇഷ്‌ട ഹാസ്യതാരം നസീർ സംക്രാന്തി പറയുന്നു. കോട്ടയത്തെ സംക്രാന്തി എന്ന സ്ഥലത്തിന് അധികം അകലെയല്ല മെഡിക്കൽ കോളേജ് ആശുപത്രി. വികസനം കൺമുന്നിൽ കണ്ടുനിന്നയാളാണ് നസീർ.
"ഞാൻ പോയപ്പോഴെല്ലാം പൂർണതൃപ്‌തിയാണ് കിട്ടിയിട്ടുള്ളത്. പ്രഗത്ഭരായ ഡോക്‌ടർമാർ, മികച്ച പശ്ചാത്തല സൗകര്യങ്ങൾ. 10 വർഷം മുമ്പത്തെപ്പോലെയല്ല ഇപ്പോൾ. റോഡും കെട്ടിടവുമൊക്കെ ഗംഭീരം. ഗാന്ധിനഗറിൽനിന്നു നോക്കിയാൽത്തന്നെ അറിയാൻ കഴിയും. എല്ലാം ഹൈടെക് കെട്ടിടങ്ങൾ. ആശുപത്രിയിലെത്താൻ ഇപ്പോൾ അടിപ്പാതയുമുണ്ട്.
ചെന്നാലുടൻ നമ്മുടെ കാര്യങ്ങൾ നോക്കിനടത്താൻ നിരവധിപേർ. എല്ലാം പക്കാ നീറ്റ്. വളർച്ച നേരിട്ട് കാണുമ്പോൾ ഏറെ സന്തോഷം. ഹൃദയചികിത്സയിൽ രാജ്യത്തുതന്നെ നമ്പർ വൺ ആയില്ലേ. മികവിന് മറ്റെന്ത് തെളിവു വേണം? ചെറിയ പരാതികൾ പെരുപ്പിച്ച് കാണിക്കുന്നത് ശരിയല്ല. ലക്ഷക്കണക്കിനു പേരാണ് ഇവിടെ വരുന്നതെന്നോർക്കണം. കോട്ടയം എംസിഎച്ച് നമുക്ക് അഭിമാന സ്ഥാപനം തന്നെയാണ്.'' –നസീർ പറയുന്നു.
പുതിയ മുഖം, പുതിയ ജീവിതങ്ങൾ
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാത്രം 10 വർഷത്തിനിടെ എൽഡിഎഫ് സർക്കാർ നടപ്പാക്കിയത് 1,200 കോടി രൂപയുടെ പദ്ധതികൾ. ലക്ഷ്യ അംഗീകാരം, വിജയകരമായ 11 ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയകൾ... ഡൽഹി എയിംസിനുശേഷം ശ്വാസകോശം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ നടന്ന, സർക്കാർ മേഖലയിലെ ആദ്യ ആശുപത്രിയായി.
250 വൃക്ക മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ നടത്തി. ഏഴ് കരൾ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയും നടന്നു. ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നീ മൂന്ന് അവയവങ്ങൾ മാറ്റിവയ്‌ക്കുന്ന ആദ്യത്തെ സ്ഥാപനമായും മാറി.










0 comments