തുടരും ഇൗ കരുതൽ

കോട്ടയം മെഡിക്കൽ കോളേജിലുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിനുള്ള സർക്കാർ ധനസഹായം 10 ലക്ഷം രൂപ ഭർത്താവ് വിശ്രുതനെയും അമ്മ സീതാലക്ഷ്മിയെയും മന്ത്രി വി എൻ വാസവൻ ഏൽപ്പിക്കുന്നു
തലയോലപ്പറമ്പ്
""മന്ത്രിയെ ഞങ്ങൾ എപ്പോഴും കാണാറുണ്ട്. ഇടയ്‌ക്കിടെ ഇവിടെ വരാറുണ്ടല്ലോ. ചെയ്തുതന്നതിലെല്ലാം വലിയ നന്ദിയുണ്ട്.'' – പറഞ്ഞപ്പോൾ ഡി ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഇനിയും കൂടെയുണ്ടാകുമെന്ന് വയോധികയെ ചേർത്തുപിടിച്ച് മന്ത്രി വി എൻ വാസവൻ ഉറപ്പുനൽകി.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉപയോഗശൂന്യമായ ശുചിമുറിക്കെട്ടിടം ഇടിഞ്ഞുവീണ് മരിച്ച തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേപ്പത്തുകുന്നേൽ ഡി ബിന്ദുവിന്റെ കുടുംബത്തിന് സർക്കാരിന്റെ സഹായധനമായ 10 ലക്ഷം രൂപ നൽകാനായിരുന്നു മന്ത്രി എത്തിയത്. തുക ബിന്ദുവിന്റെ ഭർത്താവ് വിശ്രുതന് കൈമാറി. അടിയന്തരസഹായമായി നൽകിയ 50,000 രൂപയ്ക്ക് പുറമെയാണിത്. ബിന്ദുവിന്റെ മകൻ നവനീതും അടുത്ത ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. മകൾ നവമി, ബിന്ദുവിന്റെ ചേച്ചിയുടെ മകൾ ദീപികയുടെ എറണാകുളം ഇടപ്പള്ളിയിലെ വീട്ടിൽ വിശ്രമത്തിലാണ്.
""ഇപ്പോൾ ഒരു ബുദ്ധിമുട്ടുമില്ല. മന്ത്രിയും സി കെ ആശ എംഎൽഎയും എത്രയോ തവണ ഇൗ വീട്ടിൽ വന്നു. സർക്കാരിന്റേത് വളരെ നല്ല ഇടപെടലായിരുന്നു. എല്ലാം കൃത്യമായി ചെയ്തുതന്നു. മകളുടെ ചികിത്സ നല്ലരീതിയിൽ സർക്കാർ നടത്തിത്തന്നു'' – വിശ്രുതൻ പറഞ്ഞു.
സി കെ ആശ എംഎൽഎ, കലക്ടർ ജോൺ വി സാമുവൽ, എഡിഎം എസ് ശ്രീജിത്ത്, സിപിഐ എം ഏരിയ സെക്രട്ടറി ഡോ. സി എം കുസുമൻ, വടയാർ വില്ലേജ് ഓഫീസർ മോളി ഡാനിയേൽ എന്നിവരും മന്ത്രിക്ക് ഒപ്പമുണ്ടായി.









0 comments