ഇ‍ൗ ഒപ്പിലുണ്ട്‌ ഒപ്പമുണ്ടെന്ന ഉറപ്പ്‌

Kottayam Medical College building collapse victims son joined
avatar
ജിതിൻ ബാബു

Published on Oct 14, 2025, 02:52 AM | 1 min read


കോട്ടയം

‘കഷ്‌ടപ്പാടുകൾ ഏറെ ഉണ്ടായിരുന്നെങ്കിലും ഒന്നും അറിയാതെയാണ്‌ ഞങ്ങൾ വളർന്നത്‌. അമ്മ അതൊന്നും അറിയിച്ചിരുന്നില്ലെന്നതാണ്‌ സത്യം. ഞങ്ങളുടെ പഠിപ്പിനും കുടുംബത്തിനുമായി ഓടുമ്പോഴും എനിക്ക്‌ നല്ലൊരു ജോലിയെന്നത്‌ അമ്മയുടെ വലിയ ആഗ്രഹമായിരുന്നു. ആ സ്വപ്‌നമാണ്‌ ഇന്ന്‌ സഫലമായത്‌’– ദേവസ്വംബോർഡിൽ ജോലിയിൽ പ്രവേശിച്ചശേഷമുള്ള നവനീതിന്റെ വാക്കുകളിൽ അമ്മയുടെ ഓർമകൾ നിറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിലെ ഉപയോഗശ‍ൂന്യമായ ശുചിമുറി കെട്ടിടം തകർന്ന്‌ വീണ്‌ മരിച്ച തലയോലപ്പറന്പ്‌ സ്വദേശി ബിന്ദുവിന്റെ മകൻ നവനീതിന്‌ വൈക്കം അസി. എൻജിനിയറുടെ ഓഫീസിൽ തേഡ്‌ ഗ്രേഡ്‌ ഓവർസിയറായാണ്‌ നിയമനം. ‘പ്രയാസങ്ങളിൽ ചേർത്ത്‌ പിടിച്ച സർക്കാരിനും മന്ത്രി വി എൻ വാസവനും നാടിനും നന്ദി. അമ്മയ്‌ക്കായും അനിയത്തിയുടെ ചികിത്സയ്ക്കായും പ്രാർഥിച്ച എല്ലാവർക്കും നന്ദി’– നവനീതിന്റെ വാക്കുകൾ ഇടറി.


എറണാകുളം ഇടപ്പള്ളിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന നവനീത് പുതിയൊരു ജീവിതത്തിന്‌ കൂടി തുടക്കംകുറിക്കുകയാണ്‌. ​കോട്ടയം ഡിവിഷൻ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ വി യു ഉപ്പിലിയപ്പന്റെ തിരുനക്കരയിലെ ഓഫീസിലെത്തിയാണ്‌ നവനീത്‌ ജോലിയിൽ പ്രവേശിച്ചത്‌. മന്ത്രി വി എൻ വാസവനും സിപിഐ എം നേതാക്കളും നവനീതിന്റെ ബന്ധു ജി ഗിരീഷും കൂടെയുണ്ടായിരുന്നു.


ജ‍ൂലൈ മൂന്നിനായിരുന്നു ബിന്ദുവിന്റെ അപ്രതീക്ഷിത വിയോഗം. തുടർന്ന്‌ ആ കുടുംബത്തെ സർക്കാർ ചേർത്ത്‌ പിടിച്ചു. മകൾ നവമിയുടെ ചികിത്സ പൂർണമായും ഏറ്റെടുത്തു. സഹായമായി 10.50 ലക്ഷം രൂപ നൽകി. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എൻഎസ്‌എസ്‌ മുഖേന 12.50 ലക്ഷം ചെലവഴിച്ച്‌ വീട്‌ പുനർനിർമിച്ച്‌ സുരക്ഷിത തണലൊരുക്കി. നവനീതിന്‌ ജോലികൂടി ഉറപ്പാക്കിയതോടെ പറഞ്ഞ വാഗ്‌ദാനങ്ങളെല്ലാം സർക്കാർ പാലിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home