കോട്ടയം മെഡിക്കൽ കോളേജ് അപകടം ; ബിന്ദുവിന്റെ ഓർമച്ചൂടിൽ അവരിന്ന് സ്‌നേഹവീട്ടിലേക്ക്

തിരുവനന്തപുരം / തലയോലപ്പറമ്പ്
അമ്മ ബിന്ദുവിന്റെ ഓർമച്ചൂടുള്ള സ്‌നേഹവീട്ടിലേക്ക് നവമിയും നവനീതും അച്ഛൻ വിശ്രുതന്റെയും മുത്തശ്ശി സീതാലക്ഷ്‌മിയുടെയും കൈപിടിച്ച് കയറിച്ചെല്ലും. ജൂലൈ മൂന്നിനുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചപ്പോൾ മന്ത്രി നൽകിയ ഉറപ്പാണ് സ്നേഹവീടായത്. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്‌കീം നവീകരിച്ചു നൽകുന്ന വീടിന്റെ താക്കോൽ വെള്ളിയാഴ്‌ച കൈമാറുമെന്ന് മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 6.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. 12.50 ലക്ഷം ചെലവിലാണ് വീട് നവീകരിച്ചത്. ചുറ്റുമതിലടക്കം മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കി.
അടുക്കളയായി ഉപയോഗിച്ചിരുന്ന ഭാഗം പൂർണമായും പൊളിച്ചുമാറ്റി. ശുചിമുറി ഉൾപ്പെടുന്ന ഒരു മുറിയും അടുക്കളയും വർക്ക് ഏരിയയും നിലവിലുള്ള വീടിനോട് കൂട്ടിചേർത്ത് പുതിയതായി കോൺക്രീറ്റ് ചെയ്തു. മോശമായ കട്ടിളകളും വാതിലുകളും ജനലുകളും മാറ്റി പുതിയത് വച്ചു. മുൻഭാഗത്ത് സംരക്ഷണ ഭിത്തി കെട്ടി ബലപ്പെടുത്തി. മുറ്റത്ത് ഷീറ്റ് പാകി. പുതിയ സെപ്റ്റിക് ടാങ്കും നിർമിച്ചു. വീട്ടിലേക്കെത്താൻ പുതിയ കൈവരിയും സ്ഥാപിച്ചിട്ടുമുണ്ട്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഉപയോഗശൂന്യമായ ശുചിമുറി കെട്ടിടം തകർന്നാണ് തലയോലപ്പറമ്പ് മേപ്പത്ത്‌കുന്നേൽ ബിന്ദു മരിച്ചത്.‘സർക്കാരും ഇൗ നാടും ഞങ്ങളെ ചേർത്തുനിർത്തി. മകളുടെ ചികിത്സയും മകന്റെ ജോലിയും ഉറപ്പാക്കി. വീടും യാഥാർഥ്യമായി. ഒരുപാട് നന്ദി ’– ബിന്ദുവിന്റെ ഭർത്താവ് വിശ്രുതന്റെ വാക്കുകളിൽ സർക്കാരിന്റെ കരുതൽ വ്യക്തം.









0 comments