print edition പുതുശ്വാസമായി ആരോഗ്യകേരളം

കോട്ടയം
‘മകളിലാണ് ശ്വാസകോശം തുടിച്ചതെങ്കിലും ശ്വാസം ലഭിച്ചത് ഞങ്ങൾക്കാണ്. എന്റെ കൊച്ചിനെ കിട്ടില്ലെന്ന അവസ്ഥയായിരുന്നു. അവിടുന്നാണ് പ്രതീക്ഷയുടെ വെട്ടം തെളിഞ്ഞത്. ഡോക്ടർമാരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
കുടുംബത്തിന്റെയാകെ പ്രതീക്ഷയാണ് അവൾ ’– കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ശ്വാസകോശം മാറ്റിവച്ച് ചികിത്സയിൽ കഴിയുന്ന ദിവ്യമോളുടെ അമ്മയുടെ വാക്കുകളാണിത്. ഡല്‍ഹി എയിംസിന് ശേഷം സര്‍ക്കാര്‍ മേഖലയില്‍ ശ്വാസകോശം മാറ്റിവച്ച നേട്ടവും ഇതോടെ കോട്ടയം മെഡിക്കൽ കോളേജിന് സ്വന്തം.
എരുമേലി പേരുത്തോട് ഇരുമ്പൂന്നിക്കര സ്വദേശി ദിവ്യമോളെ(27) കളനാശിനി കഴിച്ചതിനെ തുടർന്ന് രണ്ട് മാസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദിവ്യയുടെ നില ഗുരുതരമായതോടെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. അന്ന് മുതൽ വെന്റിലേറ്ററിന്റെയും ശ്വസനപ്രക്രിയ സംവിധാനങ്ങളുടെയും സഹായത്തോടെയായിരുന്നു ജീവൻ. മസ്‌തിഷ്‌ക്കമരണം സംഭവിച്ച പൂജപ്പുര സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ എ ആർ അനീഷിന്റെ ശ്വാസകോശമാണ് ദിവ്യക്ക് തുന്നിച്ചേർത്തത്. നിലവിൽ വെന്റിലേറ്ററിലുള്ള ദിവ്യ 48 മണിക്കൂർ നിരീക്ഷണത്തിലാണ്. കാര്‍ഡിയോ തൊറാസിക് വിദഗ്ധനും സൂപ്രണ്ടുമായ ഡോ. ടി കെ ജയകുമാർ, ഡോ. വിനീത, ഡോ. അരവിന്ദ് എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയത്.
കോട്ടയം മെഡിക്കൽകോളേജിൽ ഇതുവരെ 11 ഹൃദയം, 250 വൃക്ക, ഏഴ് കരൾ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയകൾ നടത്തി. 600ൽ അധികം നേത്രപടലം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയും നടത്തി. ബുധനാഴ്ചത്തെ ശസ്‌ത്രക്രിയ കഴിഞ്ഞതോടെ മൂന്ന് സുപ്രധാന അവയവങ്ങൾ വിജയകരമായി മാറ്റിവച്ച രാജ്യത്തെ ആദ്യ സർക്കാർ ആശുപത്രിയെന്ന നേട്ടവും സ്വന്തമാക്കി.









0 comments