ad
Deshabhimani

print edition കൊട്ടാരക്കര ടിപ്പർലോറി അപകടം: 2 മോട്ടോർവാഹന വകുപ്പ്‌ 
ഉദ്യോഗസ്ഥർക്ക്‌ സസ്‌പെൻഷൻ

kottarakkara accident
വെബ് ഡെസ്ക്

Published on Jun 25, 2026, 12:00 AM | 1 min read

കൊല്ലം: നീലേശ്വരം മുക്കോണിമുക്കിൽ മണ്ണുകയറ്റിവന്ന ടിപ്പര്‍ലോറി നിയന്ത്രണംവിട്ട്‌ ബസ് കാത്തുനിന്നവരുടെ മുകളിലേക്കു മറിഞ്ഞ് വിദ്യാർഥി ഉൾപ്പെടെ മൂന്നുപേർ മരിച്ച സംഭവത്തിൽ രണ്ട്‌ മോട്ടോർവാഹന വകുപ്പ്‌ ഉദ്യോഗസ്ഥർക്ക്‌ സസ്‌പെൻഷൻ. അപകടത്തിൽപ്പെട്ട ടിപ്പറിന്‌ കരുനാഗപ്പള്ളി ജോയിന്റ്‌ ആർടി ഓഫീസിൽനിന്ന്‌ ഏപ്രിൽ ഏഴിന്‌ ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റ്‌ പുതുക്കി നൽകിയതുമായി ബന്ധപ്പെട്ട്‌ അസിസ്റ്റന്റ്‌ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ശരത്‌ എസ്‌ കുമാർ, മോട്ടോർ ഇൻസ്‌പെക്ടർ സുധിൻ ഗോപി എന്നിവരെയാണ്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌. വാഹനത്തിന്റെ യാത്രാവിവരം നിരീക്ഷിക്കാനുള്ള വെഹിക്കിൾ ട്രാക്കിങ്‌ ഡിവൈസ്‌ മോട്ടോർവാഹന വകുപ്പിന്റെ സെർവറുമായി ബന്ധിപ്പിക്കാതെ ഫിറ്റ്‌നസ്‌ നൽകിയതിന്‌ ഇ‍ൗ ഉദ്യോഗസ്ഥർക്ക്‌ കാരണംകാണിക്കൽ നോട്ടീസ്‌ നൽകിയതിനുശേഷമാണ്‌ നടപടിയെടുത്തത്‌.


വാഹനം പരിശോധിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക്‌ ഗുരുതര വീഴ്‌ചയുണ്ടായി എന്നാണ്‌ വിലയിരുത്തൽ. മൂന്നുപേരുടെ ജീവൻ അപഹരിച്ച കെഎൽ 12 ഡി 9578 ടിപ്പർലോറിക്ക്‌ മോട്ടോർവാഹന വകുപ്പ്‌ പലപ്പോഴായി 36തവണ പിഴ ചുമത്തിയിട്ടുണ്ട്‌. അടുത്തിടെ കുണ്ടറയ്‌ക്ക്‌ സമീപവും ഇതേ ടിപ്പർ മറിഞ്ഞിരുന്നു. കൊല്ലം മോട്ടോർവാഹന എൻഫോഴ്‌സ്‌മെന്റ്‌ അധികൃതർ അടുത്തിടെ മാത്രം നടത്തിയ പരിശോധനയിൽ നാലുതവണ ടിപ്പറിനെതിരെ കേസെടുത്തിരുന്നു. ഫെബ്രുവരി മൂന്ന്‌, ഫെബ്രുവരി 24, മാർച്ച്‌ 15, മെയ്‌ 21 എന്നീ തീയതികളിൽ. ഇതിൽ ടാക്‌സ്‌, ഫിറ്റ്‌നസ്‌‍, പൊല്യൂഷൻ, ഇൻഷുറൻസ്‌ എന്നിവ ഇല്ലാത്തതിനും കേസെടുത്തിട്ടുണ്ട്‌.


ചൊവ്വ രാവിലെ 7.10ന് കൊട്ടാരക്കര– അമ്പലത്തുംകാല റോഡിൽ മുക്കോണിമുക്കിൽ ആണ്‌ നാടിനെ നടുക്കിയ സംഭവം. ബസ് കാത്തുനിന്ന കൊട്ടാരക്കര കടലാവിള കാര്‍മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി നീലേശ്വരം പ്രീതാഭവനിൽ പി പാർഥിപ് (15), കെഎസ്ആർടിസി പുനലൂർ ഡിപ്പോ മെക്കാനിക്‌ നീലേശ്വരം അനഘഭവനിൽ അജയൻ ആചാരി (50), ബുള്ളറ്റ്‌ യാത്രക്കാരൻ കടയ്ക്കോട് കുടവട്ടൂർ മാരൂർ ലക്ഷ്മി കോട്ടേജിൽ ആർ വി ഹരിലാല്‍ (54)എന്നിവരാണ് മരിച്ചത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home