കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഹൃദ്രോഗിക്ക് ചികിത്സ നിഷേധിച്ച ജീവനക്കാരിക്കെതിരെ നടപടി

ജീവനക്കാരി രോഗിയോട് തട്ടിക്കയറുന്ന വീഡിയോയില്‍ നിന്ന്
കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഹൃദ്രോഗിക്ക് ചികിത്സ നിഷേധിച്ച ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു. ഇന്നു പുലർച്ചെ യാത്രാമധ്യേ അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയിലെത്തിയ കരീമിനാണ് ദുരനുഭവമുണ്ടായത്. ഡേക്ടറെ കാണാൻ ഒപി ടിക്കറ്റ് എടുക്കണമെന്നും 10 രൂപ നൽകാനും ജീവനക്കാരി ആവശ്യപ്പെട്ടു. എന്നാൽ തന്റെ കൈവശം പണമായി ഇല്ലെന്നും ഗൂഗിൾ പേ മാത്രമാണുള്ളതെന്നും കരിം അറിയിച്ചു. പണം നൽകാത്ത പക്ഷം ഒപി ടിക്കറ്റ് തരില്ലെന്നും ഡോക്ടറെ കാണാൻ പറ്റില്ലെന്നുമുള്ള നിലപാടാണ് ജീവനക്കാരി സ്വീകരിച്ചത്.
ഇപ്പോൾ ചീട്ട് തരൂ, ഡോക്ടറെ കണ്ട ശേഷം പണം എത്തിക്കാമെന്ന് പറഞ്ഞിട്ടു പോലും ജീവനക്കാരി കൂട്ടാക്കിയില്ലെന്ന് കരീം പറഞ്ഞു. ഹൃദ്രോഗിയാണെന്ന് അറിയിച്ചപ്പോൾ കുടുംബം മുഴുവനും ഹൃദ്രോഗികളാണോ എന്ന് ചോദിച്ച് പരിഹസിക്കുകയാണെന്ന് ചെയ്തതെന്നും കരീം ആരോപിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി കരീം പുറത്തുവിട്ടു. വീഡിയോയിൽ ജീവനക്കാരി ചികിത്സ നിഷേധിക്കുന്നതും ഇതൊരു ധർമസ്ഥാപനമല്ലെന്ന് പറയുന്നതും വ്യക്തമാണ്. ശാരീരിക അസ്വസ്ഥകൾ കൂടിയതിനാലാണ് ആശുപത്രിയിലെത്തിയതെന്ന് പറഞ്ഞപ്പോൾ അത്രയ്ക്ക് അത്യാവശ്യമാണെങ്കിൽ സ്വകാര്യ ആശുപത്രിയിൽ പോകാനും ജീവനക്കാരി പറയുന്നുണ്ട്.
ഇന്നു പുലർച്ചെ 1 മണിയോടെയാണ് കരീം ആശുപത്രിയിലെത്തിയത്. 45 മിനിറ്റോളം ചികിത്സ നൽകിയില്ലെന്നും ഒടുവിൽ പൊലീസ് എത്തിയാണ് തനിക്ക് ചികിത്സ ലഭ്യമായതെന്നും കരീം പറഞ്ഞു. പരിശോധനയിൽ കരീമിന്‍റെ ബിപി ഉയർന്ന നിലയിലാണെന്നും ഇസിജി വേരിയേഷനുണ്ടെന്നും കണ്ടെത്തി. അടിയന്തരമായി മെഡിക്കൽ കോളേജിൽ എത്താനും ഡോക്ടർ നിർദേശിച്ചു. തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തി കരീം ചികിത്സ തേടി. ആരോഗ്യനില വളരെ മോശം അവസ്ഥയിലായ രോഗിയോടാണ് ജീവനക്കാരി മനസാക്ഷിയില്ലാതെ പെരുമാറിയത്.









0 comments