വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഓർക്കിഡ് കൺസൾട്ടൻസി ഉടമ അറസ്റ്റിൽ

കൂട്ടിക്കൽ: വിദേശ വിസ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസിൽ ഓർക്കിഡ് കൺസൾട്ടൻസി ഉടമ പാലക്കുന്നേൽ അനീഷ് ഉമ്മർ അറസ്റ്റിൽ.
കൂട്ടിക്കൽ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഓർക്കിഡ് കൺസൾട്ടൻസി വഴി യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസയും ഉയർന്ന ശമ്പളമുള്ള ജോലിയും വാഗ്ദാനം ചെയ്ത് 5 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വിവിധ ആളുകളിൽ നിന്ന് കൈപ്പറ്റിയെന്നാണ് പരാതി. പണം നൽകിയിട്ടും വിസ ലഭിക്കാതിരുന്നതിനെ തുടർന്ന് ഉദ്യോഗാർഥികൾ പൊലീസിനെ സമീപിക്കുകയായിരുന്നു.
തട്ടിപ്പ് പുറത്തായതിനെ തുടർന്ന് ഒളിവിൽ പോയ അനീഷ് ഉമ്മറിനെ ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.
വിസ വ്യാപാരത്തിനാവശ്യമായ കേന്ദ്ര ലൈസൻസുകളൊന്നുമില്ലാതെയാണ് ഓർക്കിഡ് കൺസൾട്ടൻസിയും പാലക്കുന്നേൽ പ്രൈവറ്റ് ലിമിറ്റഡും പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു.
സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി അനീഷ് ഉമ്മറിനെതിരെ 100-ലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.










0 comments