print edition ഞങ്ങളെന്തിന് പേടിക്കണം ; കോന്നിയിലുണ്ടല്ലോ കോളേജ്


അശ്വതി ജയശ്രീ
Published on Nov 13, 2025, 03:22 AM | 1 min read
പത്തനംതിട്ട
"കോന്നിയിൽ മെഡിക്കൽ കോളേജുള്ളപ്പോൾ ഞങ്ങളെന്ത് പേടിക്കാനാണ്. അത്തയുടെ മുട്ടുമാറ്റിവയ്ക്കാൻ ഞങ്ങൾ മറ്റൊരു ആശുപത്രിയെപ്പറ്റി ആലോചിച്ചിട്ടേയില്ല. ലക്ഷങ്ങൾ ചെലവുളള കാര്യം കുറഞ്ഞ പൈസയ്ക്കാണ് നടന്നത്’ – വകയാർ കരിങ്കുടുക്ക പാറയ്ക്കൽ വീട്ടിൽ സഫിയ ഷാഹുലിന്റെ (68) മരുമകൾ ഹസീന ഷൈജുവിന്റെ വാക്കുകളിൽ സർക്കാരിനോടും ആരോഗ്യവകുപ്പിനോടുമുള്ള നന്ദി.
കോന്നി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇതുവരെ ആയിരത്തോളം മുട്ടുമാറ്റിവയ്ക്കൽ ശസ്‌ത്രക്രിയ നടന്നു. 2020ലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഒപി ഉദ്‌ഘാടനം ചെയ്തത്. ജില്ലയിലെ ആദ്യ 128 സ്ലൈസ് സിടി സ്‌കാനടക്കം അത്യാധുനിക സൗകര്യങ്ങൾ ഇവിടെയുണ്ട്. ആദ്യഘട്ടത്തിൽ 167.33 കോടി ചെലവഴിച്ചാണ് 300 കിടക്കയുള്ള ആശുപത്രി- അക്കാദമിക് ബ്ലോക്ക് നിർമിച്ചത്. കിഫ്ബി വഴി രണ്ടാംഘട്ടത്തിന് അനുവദിച്ച 351.72 കോടിയുടെ പ്രവർത്തനവും പുരോഗമിക്കുന്നു. പുതിയ ബ്ലോക്ക്, വിദ്യാർഥികൾക്ക് ഹോസ്റ്റൽ, അപ്പാർട്ടുമെന്റുകൾ, ഡീൻസ് വില്ല, ഓഡിറ്റോറിയം, മോർച്ചറി, ലോൺഡ്രി തുടങ്ങിയവയുടെ നിർമാണമാണ് രണ്ടാംഘട്ടത്തിൽ. 200 കിടക്കകളും അഞ്ച് വിഭാഗങ്ങളും ചേർന്ന ഏഴുനില കെട്ടിടനിർമാണം അവസാനഘട്ടത്തിലാണ്. ജില്ലയിലെ ആദ്യ സർക്കാർ മെഡിക്കൽ കോളേജായ ഇവിടെ മുന്നൂറോളം വിദ്യാർഥികൾ എംബിബിഎസിന് പഠിക്കുന്നു.








0 comments