വരൻ മിസ തടവുകാരൻ, അനിശ്ചിതത്വത്തിലായി കല്യാണം... അടിയന്തരാവസ്ഥ ഓർമിച്ച് രക്തസാക്ഷി അനിരുദ്ധൻ്റെ ഭാര്യ കോമളം


സി ജെ ഹരികുമാർ
Published on Jun 26, 2025, 01:08 PM | 2 min read
പത്തനംതിട്ട : അടിയന്തരാവസ്ഥ കൊടുമ്പിരിക്കൊണ്ട് ഇരിക്കുകയാണ്. വിവാഹത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ്. കല്യാണം നടക്കില്ലെന്ന് ബന്ധുക്കൾ ഉറപ്പിച്ച് പറയുന്നു. വരൻ പാർട്ടി കൊടി കെട്ടിയതിന് മിസ തടവുകാരനായി പിടിക്കപ്പെട്ടു. പറയുന്നത് സംസ്ഥാനത്തെ നടുക്കിയ രക്തസാക്ഷിത്വമായിരുന്ന വള്ളിയാനി അനിരുദ്ധനെപ്പറ്റി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കോമളം അനിരുദ്ധൻ.
1976 മെയ് 10നായിരുന്നു അനിരുദ്ധന്റെയും ഇരുപത്തിരണ്ടുകാരി കോമളത്തിന്റെയും വിവാഹം. അടിയന്തരാവസ്ഥയായതിനാൽ വിവാഹത്തിന് ഒരാഴ്ച്ച മുമ്പ് മിസ തടവുകാരനായി അനിരുദ്ധനും മറ്റ് ഏഴ് പേരും പിടിക്കപ്പെട്ടു. ജയിലിലടക്കുമെന്ന് ഉറപ്പിച്ചു. വിവാഹം മുടങ്ങുമെന്ന് എല്ലാവർക്കും ഉറപ്പായി. സ്റ്റേഷനിൽ ലോക്കപ്പിലായിരുന്ന എല്ലാവരേയും കെ കെ നായർ സാർ ഇടപ്പെട്ട് അന്നത്തെ എസ് ഐ രാമചന്ദ്രൻ നായരെ കണ്ട് സറ്റേഷൻ ജാമ്യം വാങ്ങി. തുടർന്ന് വിവാഹവും നടന്നു. നേതാക്കൾക്ക് യഥേഷ്ടം സഞ്ചരിക്കാൻ സാധിക്കാത്ത കാലമാണല്ലോ, എന്നിട്ടും എൻ എസ് സദാനന്ദൻ, മലയാലപ്പുഴ സോമരാജൻ തുടങ്ങിയ നേതാക്കൾ കല്യാണത്തിനെത്തി.
അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളില്‍ സിപിഐ എമ്മിന്റെ മലയാലപ്പുഴ പ്രദേശത്തെ ശക്തനായ പ്രവര്‍ത്തകനായിരുന്നു വള്ളിയാനി അനിരുദ്ധന്‍. അടിയന്തരാവസ്ഥക്കുശേഷം 1977ലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിടെയാണ് കോണ്‍ഗ്രസ് ഗുണ്ടകള്‍ അനിരുദ്ധനെ കൊലപ്പെടുത്തുന്നത്. അടിയന്തരാവസ്ഥയ്‌ക്ക് ഇളവ് നൽകി തെരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിലെത്താനുള്ള പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ശ്രമത്തിന് അക്രമത്തിലൂടെ സംരക്ഷണം തീർക്കുകയായിരുന്നു കോൺഗ്രസ്.
1977 ഫെബ്രുവരി 26നാണ് വള്ളിയാനി അനിരുദ്ധൻ എന്ന 26 വയസ്സുകാരനെ കോൺഗ്രസ് ഗുണ്ടാസംഘം കൊലപ്പെടുത്തിയത്. പൊതുതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികളായ ആർ സി ഉണ്ണിത്താൻ (കോന്നി ), കെ കെ നായർ (പത്തനംതിട്ട), എസ് തോമസ് (റാന്നി) എന്നിവരുടെ സംയുക്ത തെരഞ്ഞെടുപ്പ് സ്വീകരണത്തിന് വള്ളിയാനി ജങ്ഷനില്‍ ചെങ്കൊടി ഉയര്‍ത്തുന്നതിനിടെയാണ് ഒരുപറ്റം കോണ്‍ഗ്രസ് ക്രിമിനലുകള്‍ സഖാവിനെ കുത്തിക്കൊലപ്പെടുത്തുന്നത്. വള്ളിയാനി ജങ്ഷനിൽ കമുക് വെട്ടി കൊടി ഉയർത്തുന്നതിനിടെയാണ് നാലംഗ കോൺഗ്രസ് ഗുണ്ടാസംഘം അനിരുദ്ധനെ ആക്രമിക്കുകയായിരുന്നു. കൊടി ഉയർത്തുന്നത് തടഞ്ഞത് കണ്ട് ഇടപെട്ട അനിരുദ്ധനെ പുറകിൽ നിന്നും പാര കൊണ്ട് കുത്തി വീഴ്‌ത്തുകയായിരുന്നു ഗുണ്ടകൾ. സംസ്ഥാനത്ത് തന്നെ അടിയന്തരാവസ്ഥയ്‌ക്ക് ശേഷം നടന്ന ആദ്യ രാഷ്‌ട്രീയ കൊലപാതകമായിരുന്നു അനിരുദ്ധന്റേത്. 26 ന് സ്വന്തം വീട്ടിലായിരുന്ന കോമളം വള്ളിയാനിയിൽ പരിപാടിക്ക് പോകാൻ തയ്യാറായിരുന്നു. സഖാവ് വാങ്ങിത്തന്ന കറുപ്പ് ബ്ലൗസ് ധരിച്ചാണ് ഇറങ്ങിയത്.
സംഘർഷമുണ്ടായെന്ന് അറിഞ്ഞ് എത്തുമ്പോൾ തന്റെ സഖാവ് പോയത് ആദ്യം അറിഞ്ഞിരുന്നില്ല. ചുറ്റും കൂടി നിന്നവരുടെ ഭീതിയും വിഷമവും കണ്ട് എന്തോ സംഭവിച്ചതായി മനസ് പറഞ്ഞു. നാലുപാടും തിരഞ്ഞപ്പോൾ കണ്ടത് ഓലമെടഞ്ഞത് വച്ച് മൂടിയിട്ടിരിക്കുന്ന, ചോരയിൽ കുളിച്ച ഭർത്താവിനെ. മഴയിൽ ആ ചോര ചാലിട്ട് ഒഴുകുന്നുണ്ടായിരുന്നു. ആദ്യം ഒരുതരം മരവിപ്പായിരുന്നു, പിനെ നടന്നത് ഒന്നും ഓർമയില്ല. അന്ന് പ്രായം 22. വിവാഹജീവിതം ആരംഭിച്ച് ഒമ്പത് മാസങ്ങൾക്കകമായിരുന്നു ആരെയും തകർത്തുകളയുന്ന ദുരന്തം. എന്നാൽ, തകരാത്ത ഉൾക്കരുത്തുമായി കോമളം, അനിരുദ്ധൻ ഉയർത്തിയ ചെങ്കൊടി കൈയിലേന്തി പാർടിയോടൊപ്പം നടന്നു. സഹനസമരത്തിന്റെ ജീവിതവഴിയിൽ പൊരുതിമുന്നേറിയ കോമളം ആ നാടിന്റെ നേതാവായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗമാണ് കോമളം ഇന്ന്.
ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകയായാണ് പൊതുപ്രവർത്തനത്തിന്റെ തുടക്കം. ഇന്ന് സംസ്ഥാന വൈസ് പ്രസിഡൻ്റാണ്. പാർടി ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ സെക്രട്ടറി, ഏരിയ കമ്മിറ്റിഅംഗം തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. മൂന്ന് പാർടി കോൺഗ്രസുകളിലും പങ്കെടുത്തു. ജീവിതത്തിൽ കരുത്തേകിയത് പാർടിയാണെന്നും പാർടിയോടൊപ്പം എന്നും ജനങ്ങൾക്കിടയിൽ ഉണ്ടാകുമെന്നും കോമളം പറഞ്ഞു. അനിരുദ്ധനെ കൊലപ്പെടുത്തിയ ശേഷം കോൺഗ്രസിന്റെ തേർവാഴ്ചയായിരുന്നു വള്ളിയാനിയിൽ. പാർടി നേതാക്കളായ ഇ എം എസ് നമ്പൂതിരിപ്പാട്, എസ് രാമചന്ദ്രപിള്ള, കൊല്ലം ജില്ലാ സെക്രട്ടറി എൻ ശ്രീധരൻ, എം എ ബേബി എന്നിവർ പങ്കെടുത്ത പ്രതിഷേധങ്ങളാണ് പിന്നീട് നാട് കണ്ടത്. അനിരുദ്ധന്റെ ചിതയിൽ നിന്നും ഹൃദയത്തിലേറ്റു വാങ്ങിയ രക്തപതാക ഇന്നും നെഞ്ചോട് ചേർത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു വേണ്ടി പോരാടുകയാണിവർ. കോൺഗ്രസ് കോട്ടയായ വള്ളിയാനിയും മലയാലപ്പുഴയും പിന്നീട് ഘട്ടം ഘട്ടമായി ചുവക്കുകയായിരുന്നു.









0 comments