print edition അറ്റകുറ്റപ്പണിക്ക് എത്തിയ കപ്പലിൽ പൊട്ടിത്തെറി; എൻജി. പൊള്ളലേറ്റു

കൊല്ലം: കൊല്ലം തുറമുഖത്ത് അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിൽ പൊട്ടിത്തെറിയുണ്ടായത് പരിഭ്രാന്തിക്കിടയാക്കി. ആന്ധ്രാപ്രദേശിൽനിന്ന് അരിയുമായെത്തിയ "ഐഒഎൽ സഫയർ' കപ്പലിലാണ് ബുധൻ വൈകിട്ടോതെ പൊട്ടിത്തെറിയുണ്ടായത്. കപ്പലിലെ മൂന്നാം എൻജിനിയർ ഉത്തർപ്രദേശ് സ്വദേശി സത്യപ്രകാശിന് (40) പൊള്ളലേറ്റു. മുഖത്തും ശരീരത്തിലുമാണ് പരിക്ക്. കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി സത്യപ്രകാശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച കപ്പലിന്റെ ഡെക്കിലെ എയർവെന്റിൽ ശുചീകരണവും അറ്റകുറ്റപണികളും നടക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. എയർ വെന്റിലുണ്ടായിരുന്ന ഗ്യാസിൽ തീപടർന്നതാണ് അപകടകാരണം. കപ്പലിന് നാശനഷ്ടമില്ല. ആന്ധ്രയിൽനിന്ന് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിലേക്ക് അരിയുമായി പോകുകയായിരുന്ന കപ്പൽ, ജനറേറ്റർ തകരാറിലായതിനെ തുടർന്നാണ് ജൂൺ 23ന് കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടത്. 4000 ടൺ അരി കപ്പലിലുണ്ട്.
തുറമുഖത്ത് 15 ദിവസത്തേക്ക് അനുമതി തേടിയെങ്കിലും അനുബന്ധ ഉപകരണൾ ലഭ്യമാകാൻ വൈകിയതോടെ മടങ്ങാനായില്ല. ചൈനീസ് നിർമിത കപ്പലിലായതിനാൽ മാറ്റേണ്ട ഉപകരണങ്ങൾ ചൈനയിൽനിന്ന് എത്താനും വൈകി. 15 ജീവനക്കാരുണ്ട്.









0 comments