ad
Deshabhimani

print edition ചതുപ്പിൽ മണ്ണിട്ടുയർത്തിയ 
പാലം അശാസ്‌ത്രീയം ; വിദഗ്ധസമിതി റിപ്പോർട്ട് എൻഎച്ച്എഐക്ക് കൈമാറി

കൊട്ടിയം മൈലക്കാട്ട് നിർമാണത്തിലിരുന്ന ദേശീയപാതയുടെ ഒരുഭാഗം ഇടിഞ്ഞുതാഴ്ന്ന നിലയിൽ ഫോട്ടോ: എം എസ് ശ്രീധർലാൽ
avatar
എം അനിൽ

Published on Dec 10, 2025, 01:37 AM | 1 min read


കൊല്ലം

നിർമാണത്തിനിടെ ദേശീയപാത ഇടിഞ്ഞുതാഴ്‌ന്ന്‌ സർവീസ്‌ റോഡ്‌ അടക്കം തകർന്നതിൽ ദേശീയപാത അതോറിറ്റിക്കും രൂപരേഖ തയ്യാറാക്കിയ കന്പനിക്കും വീഴ്‌ചയെന്ന്‌ വിദഗ്‌ധസമിതി റിപ്പോർട്ട്‌. ചതുപ്പുപ്രദേശത്ത്‌ എലിവേറ്റഡ്‌ പാത നിർമിക്കുന്നതിനു പകരം ഇരുവശവും അടച്ചുകെട്ടി മണ്ണിട്ടുയർത്തി നിർമിച്ചത്‌ അശാസ്‌ത്രീയമെന്ന്‌ റിപ്പോർട്ടിൽ പറയുന്നു.


എൻഎച്ച്‌എഐയുടെ അടക്കം ഗുരുതര വീഴ്‌ച ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട്‌ കഴിഞ്ഞദിവസം അതോറിറ്റിയുടെ ഡൽഹി ഹെഡ് ക്വാർട്ടേഴ്സിന് കൈമാറി. കൊട്ടിയത്ത് ദേശീയപാത തകർന്ന സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയ സാങ്കേതിക വിദഗ്ധരായ കാൺപുർ ഐഐടിയിലെ ജിമ്മി തോമസ്, പാലക്കാട് ഐഐടിയിലെ ടി കെ സുധീഷ് എന്നിവർ തയ്യാറാക്കിയ റിപ്പോർട്ടാണ്‌ കൈമാറിയത്‌.


ഹരിയാന ആസ്ഥാനമായ സ്മാക്ക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കൊട്ടിയം മൈലക്കാട്ട്‌ അടച്ചുകെട്ടിയ പാലം ശുപാർശ ചെയ്‌തത്‌. വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരാർ കമ്പനിക്കെതിരായ തുടർനടപടി എൻഎച്ച്എഐ തീരുമാനിക്കും. അതേസമയം നിർമാണക്കരാറുകാരായ ശിവാലയ കൺസ്ട്രക്‌ഷനെ ഒരു മാസത്തേക്ക് പാത നിർമാണത്തിൽനിന്ന്‌ വിലക്കി.


കൊട്ടിയം മൈലക്കാട് ഭാഗത്ത് ചതുപ്പിൽ എലിവേറ്റഡ്‌ പാതയായിരുന്നു നിർമിക്കേണ്ടത്‌. ബീമുകളിൽ നിർമിച്ച്‌, അടിഭാഗം തുറന്നിട്ട പാലത്തിനുപകരം ഇരുവശവും അടച്ചുകെട്ടി മണ്ണിട്ടുയർത്തിയ പാലം ശുപാർശ ചെയ്തതിൽ ഡിസൈൻ കമ്പനിക്ക് തെറ്റുപറ്റി.


ചതുപ്പിൽ തീർത്ത ഫൗണ്ടേഷന് മുകളിൽ വലിയ ഉയരത്തിൽ ഇരുവശവും അടച്ചുകെട്ടി മണ്ണ് നിറച്ച് മെയിൻ റോഡ്‌ നിർമിച്ചത് അശാസ്ത്രീയമാണ്‌. വലിയ ഭാരം താങ്ങാനാകാതെ ഫ‍ൗണ്ടേഷൻ ഇരുത്തി. ഇതോടെ സർവീസ് റോഡും പൊട്ടിപ്പിളർന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.


അതേസമയം‍, തകർന്ന റോഡ് ദേശീയപാത അതോറിറ്റിയുടെയും കൺസൾട്ടൻസിയായ ഫീഡ്‌ബാക്ക് ഇൻഫ്രയുടെയും മേൽനോട്ടത്തിൽ കരാർക്കമ്പനിയായ ശിവാലയ കൺസ്ട്രക്‌ഷൻ നന്നാക്കി തിങ്കളാഴ്ച രാവിലെ ഗതാഗതത്തിനായി തുറന്നുകൊടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home