ad
Deshabhimani

കൊല്ലം–ആലപ്പുഴ–എറണാകുളം മെമു 16 കോച്ചിലേക്ക്‌ മാറാൻ റേക്കുകൾ എത്തി

kollam memu
വെബ് ഡെസ്ക്

Published on Jul 18, 2025, 03:02 AM | 1 min read


കൊല്ലം

ആലപ്പുഴ വഴി സർവീസ്‌ നടത്തുന്ന കൊല്ലം–- എറണാകുളം മെമു 16 കോച്ചിലേക്ക്‌ മാറുന്നതിന്റെ ഭാഗമായി അധിക കോച്ചുകൾക്കായുള്ള റേക്കുകൾ ചെന്നൈ താംബരത്തുനിന്ന്‌ കൊല്ലത്ത്‌ എത്തിച്ചു. നിലവിൽ 12 കോച്ചുകളുമായാണ്‌ സർവീസ്‌ നടത്തുന്നത്‌. റേക്കുകൾ കൊല്ലം മെമു ഷെഡ്ഡിലാണ്‌ എത്തിച്ചത്‌. 16 കോച്ചുമായി മെമു സർവീസ്‌ എത്രയുംവേഗം ആരംഭിക്കുന്നതിന്‌ റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്‌. തിരുവനന്തപുരം റെയിൽവേ ഡിവിഷൻ മാനേജർ ചെന്നൈയിൽനിന്ന്‌ എത്തിച്ച റേക്കുകൾ പരിശോധിച്ചു.


നിലവിൽ മൂന്ന്‌ യൂണിറ്റ്‌ വീതമുള്ള (നാല്‌ കോച്ച്‌ ചേരുന്നത്‌ ഒരു യൂണിറ്റ്‌) മൂന്ന്‌ മെമു സർവീസ്‌ ആണ്‌ കൊല്ലത്തുനിന്ന്‌ ഓപ്പറേറ്റ്‌ചെയ്യുന്നത്‌. താംബരത്തുനിന്ന്‌ എത്തിക്കുന്ന 12 കോച്ചുള്ള റാക്കുകളെ മൂന്നായി വേർപെടുത്തി നിലവിലുള്ള കോച്ചുകൾക്കൊപ്പം കൂട്ടിച്ചേർക്കും. അതോടെ 12കോച്ച്‌ പതിനാറാകും. തിരക്കേറിയ മെമുവിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കണമെന്ന യാത്രക്കാരുടെ നിരന്തരമായ ആവശ്യമാണ്‌ പരിഹരിക്കപ്പെടുന്നത്‌.


ഏറ്റവും പുതിയ സാങ്കേതികവിദ്യയിലുള്ളതാണ്‌ മെമുവിന്റെ കൊച്ചുകൾ. മറ്റു ട്രെയിനുകളുടെ കോച്ചുകൾ ഇതിനൊപ്പം കൂട്ടിച്ചേർക്കാനാകില്ല. വൈദ്യുതീകരണവും മറ്റ്‌ ട്രെയിൻ കോച്ചുകളിൽനിന്ന്‌ വ്യത്യസ്‌തമാണ്‌. കൊല്ലത്തുനിന്ന്‌ ഓപ്പറേറ്റ്‌ചെയ്യുന്ന ഒരു മെമു ട്രെയിൻ നാല്‌ റൂട്ടുകളിൽ സർവീസ്‌ നടത്തി മൂന്നാംദിവസമാണ്‌ കൊല്ലത്ത്‌ തിരിച്ചെത്തുന്നത്‌. കൊല്ലം–- ആലപ്പുഴ, ആലപ്പുഴ–- എറണാകുളം, എറണാകുളം–-ഷൊർണ്ണൂർ, ഷൊർണ്ണുർ–- കണ്ണൂർ എന്നിങ്ങനെയാണ്‌ നാല്‌ റൂട്ടുകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home