തോട്ടപ്പള്ളിയിൽ10.50 കോടി രൂപയുടെ ധാതുമണൽ കടലിൽ ഒഴുക്കി

ജയൻ ഇടയ്‌ക്കാട്
Published on Oct 05, 2026, 12:30 AM | 1 min read
കൊല്ലം: ആലപ്പുഴ തോട്ടപ്പള്ളി തീരത്ത് അടിഞ്ഞ 10.50 കോടി രൂപയുടെ ധാതുമണൽ കടലിലേക്ക് ഒഴുക്കി. ധാതുമണൽ ലഭ്യമല്ലാത്തതിനാൽ പൊതുമേഖലാ സ്ഥാപനമായ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിന്റെ (കെഎംഎംഎൽ) പ്രവർത്തനം പ്രതിസന്ധിയിലായി.
തോട്ടപ്പള്ളി തീരത്ത് അടിയുന്ന ധാതുമണലിന്റെ വിലയായി 62 കോടി രൂപ 2020 മുതൽ 2025 വരെ കെഎംഎംഎല്ലും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയർ എർത്‌സ് ലിമിറ്റഡും (ഐആർഇഎൽ) ഇറിഗേഷൻ വകുപ്പ് വഴി സംസ്ഥാനസർക്കാരിന് നൽകിയിട്ടുണ്ട്. ഇക്കൊല്ലം അതും നഷ്ടമായി.
തോട്ടപ്പള്ളി തീരത്ത് അടിയുന്ന ധാതുമണൽ നീക്കാൻ മുൻ എൽഡിഎഫ് സർക്കാർ 2020 ലാണ് അനുമതി നൽകിയത്. ഒരുടൺ മണലിന് 464 രൂപയാണ് ഇറിഗേഷൻ വകുപ്പ് ആദ്യം വില നിശ്ചയിച്ചത്. 2025ൽ 956 രൂപയാക്കി. തോട്ടപ്പള്ളിയിൽനിന്ന് 15 ലക്ഷം ടൺ ധാതുമണൽ ഇതുവരെ ഐആർഇക്കും കെഎംഎംഎല്ലിനും ലഭിച്ചിട്ടുണ്ട്. എല്ലാ വർഷവും രണ്ടുമുതൽ മൂന്നു ലക്ഷം ടൺ വരെ മണ്ണ് സ്‌പിൽവേയിൽ അടിയുന്നതായാണ് കണക്ക്.
ധാതുമണലിൽനിന്ന് ഇൽമനൈറ്റ്, സിർക്കോൺ, റൂട്ടൈൽ, സിലിമനൈറ്റ് എന്നിവ വേർതിരിക്കുന്നതിലൂടെ സർക്കാരിന് റോയൽറ്റിയായി വർഷം മൂന്നുകോടി രൂപ ലഭിച്ചിരുന്നു. ഇൽമനൈറ്റിൽ നിന്നാണ് ടൈറ്റാനിയം പിഗ്‌മെന്റ് ഉൽപ്പാദിപ്പിക്കുന്നത്. ബാക്കിയുള്ള ധാതുക്കൾ കെഎംഎംഎൽ പുറത്തു വിൽക്കും. ഇപ്പോഴത്തെ ധാതുമണൽ ക്ഷാമം ടൈറ്റാനിയം പിഗ്‌മെന്റ് ഉൽപ്പാദനത്തെയും ബാധിക്കും. നിലവിൽ ഒരു മാസം കൂടി പ്രവർത്തിക്കാൻ വേണ്ട ധാതുമണൽ മാത്രമാണുള്ളത്.
കെഎംഎംഎൽ എംഎസ് യൂണിറ്റ് പൂർണ സജ്ജമാകാൻ വർഷം ആറു ലക്ഷം ടൺ ധാതുമണൽ വേണം. പൊന്മന, കോവിൽത്തോട്ടം ഖനനമേഖലകളിൽനിന്ന് ലഭിക്കുന്നത് 1.5 ലക്ഷം ടൺ മാത്രമാണ്. കന്പനിയുടെ പ്രവർത്തനത്തിന് ആവശ്യമായ ധാതുമണൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെഎംഎംഎല്ലിനു മുന്നിൽ സിഐടിയു ബുധനാഴ്‌ച പ്രക്ഷോഭം തുടങ്ങും.









0 comments