കൊല്ലം എറണാകുളം മെമു സ്പെഷ്യൽ എറണാകുളം സൗത്ത് ഔട്ടറിൽ പിടിച്ചിട്ട് യാത്രക്കാരെ വലയ്‌ക്കുന്നു

കൊല്ലം
കൊല്ലം–- എറണാകുളം മെമു സ്പെഷ്യൽ (06169) എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്റെ ഔട്ടർ സിഗ്നലിൽ പിടിച്ചിട്ട് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് പതിവായി. രാവിലെ 9.10ന് ഔട്ടർ സിഗ്നലിൽ എത്തുമെങ്കിലും ദീർഘസമയം പിടിച്ചിടുകയാണ്. ഇത് സ്ഥിരം യാത്രക്കാരായ ജീവനക്കാരെ ബാധിക്കുന്നു. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ബസ് കയറി ഓഫീസിൽ എത്തുമ്പോൾ വൈകുന്നു. തിരുവനന്തപുരം–- ഷൊർണൂർ വേണാട് എക്‌സ്‌പ്രസിലെ തിരക്കും യാത്രക്കാരുടെ ബുദ്ധിമുട്ടും പരിഹരിക്കാനാണ് റെയിൽവേ കൊല്ലം–- എറണാകുളം മെമു സ്പെഷ്യൽ അനുവദിച്ചത്. പ്ലാറ്റ്‌ഫോം ഒഴിവില്ലാത്തതുമൂലമാണ് മെമു സ്‌പെഷ്യൽ ഔട്ടറിൽ പിടിച്ചിടുന്നതെന്നാണ് സ്റ്റേഷൻ അധികൃതരുടെ വാദം. എന്നാൽ, 12678 എറണാകുളം– -കെഎസ്‌ആർ ബാംഗ്ലൂർ ഇന്റർസിറ്റി 9.10ന് രണ്ടാം നമ്പർ പ്ലാറ്റ്ഫോം വിട്ടാലും ഡ്യൂട്ടി ഉദ്യോഗസ്ഥർ മെമു സ്‌പെഷ്യലിന് പച്ചക്കൊടി കാട്ടാറില്ല എന്നതാണ് യാഥാർഥ്യം. എറണാകുളം– -ഗുരുവായൂർ പാസഞ്ചറും കടത്തിവിട്ടിട്ട് മാത്രമേ 500 മീറ്റർ അകലെ കാത്തുകിടക്കുന്ന മെമുവിന് എറണാകുളം സൗത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകൂ.
ഗുരുവായൂർ–- എറണാകുളം പാസഞ്ചർ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്താൻ പല ദിവസങ്ങളിലും വൈകാറുണ്ട്. ഈ ട്രെയിൻ വൈകിയാലും അതിന്റെ ദുരിതം അനുഭവിക്കേണ്ടത് മെമു സ്‌പെഷ്യൽ ട്രെയിനിലെ യാത്രക്കാരാണ്. മെമു സ്പെഷ്യൽ ആരംഭിച്ച കാലത്തെ സമയകൃത്യത പാലിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.










0 comments