കൊൽക്കത്ത കൂട്ട ബലാത്സംഗം: അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി

കൊൽക്കത്ത: ദക്ഷിണ കൊൽക്കത്തിയിലെ ലോ കോളേജിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗംചെയ്‌ത സംഭവത്തിൽ അന്വേഷണ പുരോഗതി വ്യക്തമാക്കി സത്യവാങ്‌മൂലം സമർപ്പിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് കൽക്കത്ത ഹൈക്കോടതി ആവശ്യപ്പെട്ടു. ഇനി കേസ് പരിഗണിക്കുന്ന 10ന് കേസ് ഡയറി ഹാജരാക്കണമെന്നും ജസ്റ്റിസ് സൗമൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. കേസിൽ കോടതി നിരീക്ഷണത്തിലുള്ള സിബിഐ അന്വേഷണം അടക്കം ആവശ്യപ്പെട്ട് സമർപ്പിച്ച മൂന്ന് പൊതുതാൽപ്പര്യ ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം. തൃണമൂൽ കോൺഗ്രസ് ഛാത്രപരിഷത് നേതാവ് മനോജിത് മിശ്രയുൾപ്പടെ മൂന്നുപേരെ അറസ്റ്റുചെയ്‌തിരുന്നു.
ജൂൺ 25 വൈകുന്നേരം കൊൽക്കത്ത ലോ കോളേജിലാണ് ക്രൂര പീഡനമുണ്ടായത്. ഭീഷണിപ്പെടുത്തിയാൽ യുവതി വിവരം പുറത്ത് പറയുകയോ പരാതിപ്പെടുകയോ ചെയ്യില്ല എന്നാണ് കരുതിയതെന്നും മനോജിത്ത് പറഞ്ഞതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുവതി അച്ഛനെ വിളിച്ചതോടെ മനോജിത്ത് മിശ്ര, പ്രമിത് മുഖോപാത്യായ്, സൈബ് അഹമ്മദ് എന്നിവർ കോളേജ് വിട്ടു. ഇത് സ്ഥിരീകരിക്കാൻ മൂന്ന് പേരുടേയും മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ്. കോളേജ് വിട്ടെങ്കിലും പെൺകുട്ടി പരാതി നൽകുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ മനോജിത്ത് സുഹൃത്തുക്കളോട് പറഞ്ഞതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കസബ പോലീസ് സ്റ്റേഷനാണ് കോളേജിനോട് ഏറ്റവും അടുത്തുള്ളത്. ഇവിടെ യുവതി എത്തുന്നുണ്ടോ എന്ന് മനോജിത്ത് നിരീക്ഷിച്ചിരുന്നു.
ജൂൺ 26 ന് വൈകുന്നേരം കോളേജ് ക്യാമ്പസിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ അകലെ ബാലിഗഞ്ച് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഫേൺ റോഡിൽ മനോജിത്തും സൈബും കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് വൈകുന്നേരമാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്ന് രാത്രിയിൽ പ്രമിതിനെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. അറസ്റ്റിലാകുന്നതിന് മുമ്പ് പ്രതികൾ ആരെയെങ്കുലും ഫോണിൽ ബന്ധപ്പെടാൻ ശ്രമം നടത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
തൃണമൂൽ കോൺഗ്രസ് യുവജന വിഭാഗത്തിന്റെ നേതാവും പൂർവ്വ വിദ്യാർഥിയുമായ മനോജിത് കോളേജിൽ കരാർ ജീവനക്കാരനായിരുന്നു. കൃത്യം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് പൊലീസിന് നിർണായക തെളിവുകൾ ലഭിച്ചു. കോളേജിലെ സെക്യൂരിറ്റി ഗാർഡ് ഉപയോഗിച്ചിരുന്ന മുറിയിലാണ് ക്രൂരബലാത്സംഗം നടന്നത്. മുറിയിലെ ബെഡ് ഷീറ്റ് പോലുള്ള വസ്തുക്കൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. മനോജിത്തിനെതിരെ 11 കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു, അവയിൽ പലതും സ്ത്രീകളോട് മോശമായി പെരുമാറിയതും ഉപദ്രവിച്ചതുമായി ബന്ധപ്പെട്ടതാണ്. ഈ കേസുകളിൽ അയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.








0 comments