ഇനി എല്ലാം 'ഡബിൾ'; മലപ്പുറത്തെ ഇരട്ടകളുടെ ഗ്രാമം ഇനി ഫ്ലിപ്കാർട്ട് സെയിലിന്റെ മുഖം, പരസ്യം വൈറല്‍

മലപ്പുറം: 'ഇരട്ടകളുടെ ഗ്രാമം' എന്നറിയപ്പെടുന്ന 'കൊടിഞ്ഞി' വീണ്ടും ദേശീയ ശ്രദ്ധയിൽ. പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്കാർട്ടിന്റെ പുത്തൻ ‘സസ ലേലേ’ പരസ്യമാണ് കൊടിഞ്ഞിയെ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാക്കിയത്. ഡബിൾ ഡീലുകളെയും ഡബിൾ ഓഫറുകളെയും സൂചിപ്പിക്കുന്ന പരസ്യം ഗ്രാമത്തിലെ ഇരട്ടകളുടെ സാന്നിധ്യത്തെ നർമത്തിൽ ചാലിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്.
‘കൊടിഞ്ഞിയുടെ ചോയ്സ്, ഡബിൾ ഡീൽ’ എന്ന വാചകത്തോടെയാണ് പരസ്യം. മെയ് ഒമ്പതിന് ആരംഭിക്കുന്ന പ്രത്യേക വിൽപ്പനക്ക് കൊടിഞ്ഞി സ്റ്റോർ എന്ന പേര് നൽകുകയും ചെയ്തു . ‘2000 കുടുംബങ്ങളിലായി, 400ഓളം ജോഡികളുള്ള കൊടിഞ്ഞിയിലേക്ക് സ്വാഗതം’ എന്ന വാചകത്തോടെയാണ് പരസ്യത്തിന്റെ തുടക്കം. പിന്നീട് വിവിധ സന്ദർഭങ്ങളിലായി ഇരട്ടകളെ അവതരിപ്പിക്കുന്നു.
കാണാതായ സഹോദരന്റെ ഫോട്ടോയ്ക്ക് പകരം സ്വന്തം സെൽഫി നൽകുന്ന യുവാവും, കുഞ്ഞ് ജനിക്കുമ്പോൾ 'ബൈ വൺ ഗെറ്റ് വൺ ഫ്രീ' എന്ന് പറയുന്ന നഴ്‌സും ഉൾപ്പെടെയുള്ള രംഗങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഇന്ത്യയുടെ ട്വിൻ ടൗൺ എന്ന പേരും കൊടിഞ്ഞി സ്വന്തമാക്കിയിരുന്നു. ഏകദേശം 2,000 കുടുംബങ്ങളുള്ള ഈ ഗ്രാമത്തിൽ 400 മുതൽ 550 വരെ ജോഡി ഇരട്ടകളുണ്ടെന്നാണ് കണക്ക്. ഫ്ലിപ്കാർട്ട് ഓഫറിന് കൊടിഞ്ഞിയേക്കാൾ നല്ലൊരു മാതൃക വേറെയുണ്ടോ? എന്നാണ് സോഷ്യലിടത്തെ പൊതു അഭിപ്രായം.










0 comments