ad
Deshabhimani

print edition ബിജെപി കുഴൽപ്പണക്കേസ്‌ അട്ടിമറി ; കോടതി മാറ്റാനുള്ള 
ഇഡി നീക്കത്തിനെതിരെ ഹർജി

kodakara case
വെബ് ഡെസ്ക്

Published on Dec 08, 2025, 02:15 AM | 1 min read

തൃശൂർ

ബിജെപി കുഴൽപ്പണക്കേസ്‌ അട്ടിമറിക്കാനുള്ള ഇഡി നീക്കത്തിനെതിരെ തടസ്സഹർജി നൽകി. കേസിന്റെ വിചാരണ ഇരിങ്ങാലക്കുട അഡീഷണൽ സെൻഷൻസ്‌ കോടതിയിൽ നിന്ന്‌ എറണാകുളം പിഎംഎൽഎ കോടതിയിലേക്ക്‌ മാറ്റണമെന്നാവശ്യപ്പെട്ട്‌ എൻ-ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ ഇരിങ്ങാലക്കുട കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനെതിരെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പി വി കെ രാജുവിന്‌ വേണ്ടി സ്‌പെഷ്യൽ പ്രോസിക്യട്ടർ എൻ കെ ഉണ്ണികൃഷ്‌ണനാണ്‌ ശനിയാഴ്‌ച തടസ്സഹർജി നൽകിയത്‌.


കുഴൽപ്പണ കേസ്‌ അട്ടിമറിക്കാനാണ്‌ ഇഡിയുടെ ഹർജിയെന്ന്‌ തടസ്സഹർജിയിൽ പറയുന്നു. കൊടകരയിൽ നടന്ന 3.5 കോടി കുഴൽപ്പണം കവർച്ചാക്കേസാണ്‌ കേരള പൊലീസ്‌ അന്വേഷിച്ച്‌ കുറ്റപത്രം സമർപ്പിച്ചത്‌. ഇഡിയെടുത്ത കേസിലെ കുറ്റപ്പത്രത്തിന്റെ പകർപ്പ്‌ ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കിയിട്ടില്ല. കുഴൽപ്പണത്തിന്റെ ഉറവിടം കണ്ടെത്തിയോ, പണമിറക്കിയവരുൾപ്പെടെ കൂടുതൽ പ്രതികളുണ്ടോ തുടങ്ങിയ വിവരം ഹർജിയിൽ ഇല്ല. പൊലീസും ഇഡിയും അന്വേഷിക്കുന്ന കേസുകൾ തമ്മിൽ ബന്ധിപ്പിക്കാവുന്ന രേഖകളും ഹാജരാക്കിയിട്ടില്ല.


മാത്രമല്ല, വിചാരണ നടക്കുന്ന ഇ‍ൗ കേസ്‌ മറ്റൊരു ജില്ലയിലെ കോടതിയിലേക്ക്‌ മാറ്റാൻ ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ്‌ കോടതിക്കും ജില്ലാ കോടതിക്കും അധികാരമില്ല. ഇ‍ൗ കേസ്‌ ഇരിങ്ങാലക്കുട ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിലാണ്‌ ആദ്യം പരിഗണിച്ചത്‌. പിന്നീട്‌ തൃശൂർ സെഷൻസ്‌ കോടതിയിലേക്ക്‌ കമ്മിറ്റ്‌ ചെയ്‌തു. തൃശൂർ പ്രിൻസിപ്പൽ സെഷൻസ്‌ കോടതി ഫയലിൽ സ്വീകരിച്ച കേസ്‌ നടത്തിപ്പിന്റെ സ‍ൗകര്യത്തിനായി മാത്രമാണ്‌ ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ്‌ കോടതിയെ ഏൽപ്പിച്ചത്‌. കേസ്‌ നടത്താൻ മാത്രമാണ്‌ ഇരിങ്ങാലക്കുട കോടതിക്ക്‌ അധികാരമുള്ളത്‌. അതിനാൽ വിചാരണ മാറ്റാനാവില്ലെന്നും തടസ്സഹർജിയിൽ പറയുന്നു. പിഎംഎൽഎ കോടതിയിൽ ഇഡിയുടെ പ്രാേസിക്യൂട്ടറായിരിക്കും ഹാജരാവുക. അതുവഴി കേസ്‌ അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന്‌ നിയമവിദഗ്‌ധർ പറയുന്നു.


ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കെ സുരേന്ദ്രന്റെ നിർദേശത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ 41.4 കോടിയും പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ 12 കോടിയും ഉൾപ്പെടെ 53.4 കോടി കുഴൽപ്പണം കേരളത്തിൽ ഇറക്കിയെന്ന്‌ കേരള പൊലീസ് കണ്ടെത്തിയിരുന്നു. കളളപ്പണം ഇടപാട്‌ അന്വേഷിക്കാൻ അധികാരമില്ലാത്തതിനാലാണ്‌ പണമിടപാട്‌ നടന്നതിന്റെ വിശദമായ റിപ്പോർട്ടും കോൾലിസ്‌റ്റുകളും ഇഡിക്ക്‌ കൈമാറിയത്‌. ഹൈക്കോടതി നിർദേശപ്രകാരം ഇഡിയും കേസെടുത്തുവെങ്കിലും കള്ളപ്പണത്തിന്റെ ഉറവിടം തേടിയില്ല. കവർച്ചാകേസിലെ പ്രതികളെ വീണ്ടും പ്രതിച്ചേർത്ത്‌ കുറ്റപ്പത്രം സമർപ്പിക്കുകയായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home