ad
Deshabhimani

കൊച്ചിയിൽ കലയുടെ നിറക്കാഴ്ചകൾ; ബിനാലെയ്ക്ക് തുടക്കം

Kochi Muziris Biennale
വെബ് ഡെസ്ക്

Published on Dec 12, 2025, 10:22 PM | 2 min read

കൊച്ചി : കൊച്ചി ഇനി മുസിരിസ്‌ ബിനാലെയുടെ ആഘോഷങ്ങളിലേക്ക്‌. മൂന്നുവർഷത്തെ ഇടവേളയ്‌ക്ക്‌ വിരാമമിട്ട്‌ എത്തുന്ന ആറാംപതിപ്പ്‌ പ്രദർശനത്തിന് വെള്ളിയാഴ്ച തുടക്കമായി. വെള്ളി വൈകിട്ട്‌ 6ന്‌ ഫോർട്ട്‌കൊച്ചി പരേഡ്‌ ഗ്ര‍ൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബിനാലെ ഉദ്‌ഘാടനം ചെയ്തു. കലയെ ദുരുപയോഗം ചെയ്യുന്നതിനെതിരെ ചെറുത്തുനിൽപ്പുവേണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസം​ഗത്തിൽ പറഞ്ഞു.


2026 മാർച്ച്‌ 30 വരെ 109 ദിവസമാണ്‌ പ്രദർശനം. ‘ഫോർ ദി ടൈം ബീയിങ്’ എന്നാണ്‌ ആറാംപതിപ്പ്‌ പ്രദർശനത്തിന്‌ പേര്‌. 25 രാജ്യങ്ങളിൽനിന്നുൾപ്പെടെ 66 കലാകാരന്മാരുടെ സൃഷ്‌ടികളുണ്ടാകും. നിഖിൽ ചോപ്രയും ഗോവയിലെ എച്ച്‌എച്ച്‌ ആർട്ട്‌ സ്‌പേസുമാണ്‌ ആറാംപതിപ്പ്‌ പ്രദർശനം ക്യുറേറ്റ്‌ ചെയ്‌തിട്ടുള്ളത്‌.


പ്രധാന പ്രദർശനകേന്ദ്രമായ ആസ്‌പിൻവാൾ ഹ‍ൗസിന്റെ കയർ ഗോഡ‍ൗണും ഡയറക്‌ടേഴ്‌സ്‌ ബംഗ്ലാവും മാത്രമാണ്‌ ഇക്കുറി ബിനാലെയുടെ ഭാഗമായുള്ളത്‌. പശ്ചിമബംഗാളിലെ പഞ്ചേരി ആർടിസ്‌റ്റ്‌സ്‌ യൂണിയനിലെ 14 അംഗ കലാകാര സംഘം ഇവിടെ കലാസൃഷികൾ ഒരുക്കിയിട്ടുണ്ട്. അനുപം റോയിയുടെ നേതൃത്വത്തിൽ വ്യത്യസ്‌തങ്ങളായ മാധ്യമങ്ങളിലാണ്‌ ആസ്പിൻ വാളിൽ കലാസൃഷ്‌ടികൾ ഒരുങ്ങുന്നത്. ആസ്‌പിൻവാൾ ഹ‍ൗസിന്റെ വിശാലമായ ഓടുമേഞ്ഞ മേൽക്കൂര മുഴുവൻ മെടഞ്ഞ ഓല നിരത്തി കെട്ടും മട്ടും മാറ്റിയിട്ടുണ്ട്.


മുൻപതിപ്പുകളെ അപേക്ഷിച്ച്‌ മട്ടാഞ്ചേരിയിലും ഫോർട്ട്‌ കൊച്ചിയിലുമായി കൂടുതൽ ഗാലറികൾ ആറാംപതിപ്പിലുണ്ടെന്നതാണ്‌ പ്രത്യേകത. 29 പ്രദർശനകേന്ദ്രങ്ങളിൽ പശ്ചിമകൊച്ചിയിൽ മാത്രമായി 13 പുതിയ ഗാലറികളുണ്ട്‌. ജയിൽ ഓഫ്‌ ഫ്രീഡം സ്‌ട്രഗിൾ, സിമി വെയർഹ‍ൗസ്‌, ഫോർട്ട്‌ കൊച്ചിയിലെ പഴയ സ്‌പെൻസർ ഹോം അർധശില, ബാസ്‌റ്റിൻ ബംഗ്ലാവ്‌, ജലമെട്രോ ടെർമിനൽ, മട്ടാഞ്ചേരിയിലെ ദേവസി ജോസ്‌ ആൻഡ്‌ സൺസ്‌, എസ്‌എംഎസ്‌ ഹാൾ, 111 മർകസ്‌ ആൻഡ്‌ കഫോ, ഇന്ത്യൻ ചേംബർ ഓഫ്‌ കൊമേഴ്‌സ്‌ സ്‌പേസ്‌, ബിഎംഎസ്‌ വെയർഹ‍ൗസ്‌, ഐലൻഡ്‌ വെയർഹ‍ൗസ്‌, സെന്റ്‌ ആൻഡ്രൂസ്‌ പാരിഷ്‌ ഹാൾ, ക്യൂബ്‌ ആർട്ട്‌ സ്‌പേസ്‌ എന്നിവയാണത്‌.


കേരളത്തിലെ 36 കലാകാരൻമാരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്ന ‘ഇടം’ മൂന്ന്‌ വേദികളിലാണ്‌. പ്രധാന വേദിയായ മട്ടാഞ്ചേരിയിലെ വല്ലഭാസ്‌ കാഞ്ചി ലിമിറ്റഡിൽ പൂർത്തിയാകുന്ന കൂറ്റൻ ചുവർചിത്രാമണ്‌ സന്ദർശകരെ വരവേൽക്കുക. അഞ്ചുവേദികളിലായുള്ള സ്റ്റുഡന്റ്‌സ് ബിനാലെയിൽ രാജ്യത്തെ 150 കലാവിദ്യാലയങ്ങളിലെ 70 കലാസൃഷ്ടികൾ പ്രദർശിപ്പിക്കും. ഡേവിഡ്‌ ഹാളിലും ഫോർട്ട്‌ കൊച്ചി ജലമെട്രോ ടെർമിനലിലുമാണ്‌ ‘ആർട്ട് ബൈ ചിൽഡ്രൻ’ (എബിസി) പ്രദർശനവും ശിൽപ്പശാലകളും.

ചിത്രകാരൻ ബോസ്‌ കൃഷ്‌ണമാചാരി പ്രസിഡന്റായ കൊച്ചി മുസിരിസ്‌ ബിനാലെ ഫ‍ൗണ്ടേഷന്റെ നേതൃത്വത്തിൽ 2012 ഡിസംബർ 12 നാണ്‌ ആദ്യപതിപ്പ്‌ പ്രദർശനം നടന്നത്‌. കോവിഡിനെ തുടർന്ന്‌ 2020ൽ മുടങ്ങി. 2022 ലായിരുന്നു അഞ്ചാംപതിപ്പ്‌ പ്രദർശനം. സാങ്കേതിക കാരണങ്ങളാൽ 2024ൽ മുടങ്ങിയ ആറാംപതിപ്പാണ്‌ ഇ‍ൗ വർഷം നടക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home