പ്രവർത്തനലാഭം 33.34 കോടി; കൊച്ചി മെട്രോയെ നഷ്ടത്തിലാക്കുന്ന സതീശന്‍ സര്‍ക്കാരിന്റെ കള്ളക്കണക്ക്

കൊച്ചി: കേരളത്തിന്റെ അഭിമാന പൊതുഗതാഗത സംവിധാനമായ കൊച്ചി മെട്രോ റെയിലിനെ തകർക്കാനും തരംതാഴ്ത്താനും യുഡിഎഫ് സർക്കാർ നടത്തുന്ന ആസൂത്രിത നീക്കമാണ്, കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിൽ കാണാൻ സാധിക്കുന്നത്. കൊച്ചി മെട്രോ പ്രതിമാസം 35 കോടി രൂപ നഷ്ടത്തിലാണെന്ന് കാണിച്ച് സർക്കാർ നിയമസഭയിൽ സമർപ്പിച്ച ധവളപത്രം പൂർണമായും വ്യാജവും ജനങ്ങളെ പറ്റിക്കുന്നതുമാണെന്ന് കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും.
മെട്രോ നഷ്ടത്തിലാണെന്ന് വരുത്തിതീർത്ത്, പൊതുജനങ്ങളുടെ ഈ വലിയ സ്വത്ത്, പതിയെ സ്വകാര്യമേഖലയ്ക്ക് ദാനം ചെയ്യാനുള്ള വൻ ഗൂഢാലോചനയാണ് ഈ ധവളപത്രത്തിന് പിന്നിലെന്ന് സംശയിച്ചാലും തെറ്റ്പറയാനാകില്ല. എന്നാൽ, സർക്കാരിന്റെ ഇത്തരം കള്ളക്കണക്കുകളെ പൂർണമായും പൊളിച്ചടുക്കുന്നതാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടുള്ള കണക്കുകൾ. ഈ ഔദ്യോഗിക വിവരങ്ങൾ പരിശോധിച്ചാൽ കൊച്ചി മെട്രോ കുതിപ്പിലാണ് എന്ന് ആർക്കും ബോധ്യപ്പെടും.
യഥാർത്ഥ കണക്കുകൾ പ്രകാരം 2024-25 സാമ്പത്തികവർഷത്തിൽ മാത്രം 33.34 കോടി രൂപയുടെ മികച്ച പ്രവർത്തനലാഭമാണ് കൊച്ചി മെട്രോ കൈവരിച്ചിരിക്കുന്നത്. തൊട്ടുമുൻവർഷത്തെ ലാഭത്തേക്കാൾ 10.4 കോടി രൂപയുടെ വലിയ വർധനയാണ് ഇതിലൂടെ മെട്രോ രേഖപ്പെടുത്തിയത്. എന്നാൽ മെട്രോയുടെ വളർച്ച വ്യക്തമാക്കുന്ന ഈ ലാഭക്കണക്കിന്റെ വിശദാംശങ്ങൾ ബോധപൂർവ്വം മറച്ചുവെക്കുകയാണ് സർക്കാർ ധവളപത്രത്തിൽ ചെയ്തിരിക്കുന്നത്.
മെട്രോ സർവീസ് ആരംഭിച്ച 2017–18 കാലയളവിൽ 24.19 കോടി രൂപയായിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനനഷ്ടം. തൊട്ടടുത്ത വർഷമായ 2018–19ൽ ഈ പ്രവർത്തനനഷ്ടം 5.70 കോടിയായി കുറയ്ക്കാൻ മെട്രോയ്ക്ക് സാധിച്ചു. എന്നാൽ, തുടർന്നു വന്ന 2019–20ൽ നഷ്ടം 13.92 കോടിയായും, കൊവിഡ് പ്രതിസന്ധി രൂക്ഷമായ 2020–21ൽ 56.56 കോടിയായും ഉയർന്നു. കൊവിഡിന് ശേഷം രാജ്യം സാധാരണ നിലയിലായ 2021–22ൽ പ്രവർത്തനനഷ്ടം 34.94 കോടിയായി വീണ്ടും കുറഞ്ഞു.
തുടർന്ന് വന്ന വർഷങ്ങളിൽ വൻ കുതിപ്പാണ് മെട്രോ നടത്തിയത്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് 2022–23 സാമ്പത്തികവർഷത്തിൽ ചരിത്രത്തിലാദ്യമായി 5.35 കോടി രൂപയുടെ പ്രവർത്തനലാഭം നേടി മെട്രോ പുതിയ ചരിത്രമെഴുതി. തൊട്ടടുത്ത 2023–24ൽ പ്രവർത്തനലാഭം 22.94 കോടി രൂപയായി കുതിച്ചുയർന്നു. ഒടുവിൽ 2024–25 കാലയളവിൽ അത് 33.34 കോടി രൂപ എന്ന റെക്കോർഡ് ലാഭത്തിൽ എത്തിനിൽക്കുകയാണ്.
വരുമാനത്തിന്റെ വിശദമായ കണക്കുകൾ പരിശോധിച്ചാൽ 2024–25 കാലയളവിൽ കൊച്ചി മെട്രോ 182.37 കോടി രൂപയുടെ ആകെ പ്രവർത്തന വരുമാനമാണ് നേടിയത്. ഇതിൽ ടിക്കറ്റ് വിൽപ്പനയിലൂടെ മാത്രം 111.88 കോടി രൂപ ലഭിച്ചു. പരസ്യങ്ങൾ, സ്റ്റേഷൻ മുറികളുടെ വാടക തുടങ്ങിയ ടിക്കറ്റിതര മാർഗ്ഗങ്ങളിലൂടെ 55.41 കോടി രൂപയും മെട്രോ സ്വന്തമാക്കി.
ഇതിനുപുറമേ, വിവിധ കൺസൾട്ടൻസി പ്രവർത്തനങ്ങളിൽ നിന്ന് 1.56 കോടി രൂപയും മറ്റ് ഇതരമാർഗങ്ങളിൽനിന്ന് 13.52 കോടി രൂപയും മെട്രോയുടെ അക്കൗണ്ടിലെത്തി. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ മെട്രോയുടെ ആകെ പ്രവർത്തനച്ചെലവ് 149.03 കോടി രൂപ മാത്രമാണ്. അതായത്, ചെലവിനേക്കാൾ വളരെ കൂടുതൽ വരുമാനം നേടുന്ന ഒരു സ്ഥാപനത്തെയാണ് യുഡിഎഫ് സർക്കാർ തങ്ങളുടെ ധവളപത്രത്തിലൂടെ 'നഷ്ടക്കണക്ക്' പറഞ്ഞ് ജനമധ്യത്തിൽ അപമാനിക്കാൻ ശ്രമിക്കുന്നത്.
യഥാർത്ഥത്തിൽ പൊതുഗതാഗതം എന്നത് കേവലം ലാഭം മാത്രം കൊയ്യാനുള്ള ഒരു ബിസിനസ്സ് സംരംഭമല്ല, മറിച്ച് ജനങ്ങൾക്കുള്ള വലിയൊരു സാമൂഹ്യ നിക്ഷേപമാണ്. കൊച്ചി മെട്രോ വന്നതോടെ നഗരത്തിലെ യാത്രാക്ലേശത്തിന് ശാശ്വതമായ വലിയ പരിഹാരമാണുണ്ടായത്. യാത്രക്കാർക്ക് വലിയ തോതിൽ സമയലാഭമുണ്ടാവുകയും, ഇന്ധനച്ചെലവ് കുറയുകയും ചെയ്തു. അന്തരീക്ഷ മലിനീകരണവും നഗരത്തിലെ റോഡ് ഗതാഗതക്കുരുക്കും വൻതോതിൽ കുറയ്ക്കാൻ മെട്രോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് സുരക്ഷിതവും സുഖകരവുമായ എയർകണ്ടീഷൻഡ് യാത്ര സാധ്യമാക്കുന്ന മെട്രോയുടെ ഇത്തരം സാമൂഹിക നേട്ടങ്ങളെ പൂർണമായും വിസ്മരിച്ചുകൊണ്ടാണ് യുഡിഎഫ് ഭരണകൂടം കോർപ്പറേറ്റുകൾക്ക് വേണ്ടി മെട്രോയെ തളർത്താൻ നോക്കുന്നത്.
കള്ളക്കണക്കുകൾ നിരത്തി പൊതുസ്വത്ത് സ്വകാര്യവൽക്കരിക്കാനും കോഴിക്കോടും തിരുവനന്തപുരത്തും മെട്രോ നടപ്പാക്കാതിരിക്കാനുമുള്ള സർക്കാരിന്റെ ഗൂഢാലോചനയാണ് ഇതിലൂടെ പുറത്തുവരുന്നത്. മറ്റ് പല രാജ്യങ്ങളിലും മെട്രോ സർവീസുകൾ സ്വകാര്യവത്കരിക്കുകയും തുടർന്ന് അത് നഷ്ടത്തിലേക്ക് പോയപ്പോൾ സർക്കാർ തിരിച്ചുപിടിച്ച് വൻ ലാഭത്തിൽ ആക്കുകയും ചെയ്ത അനുഭവം നമുക്ക് മുന്നിലുള്ളപ്പോഴാണ് സതീശൻ സർക്കാർ ലാഭത്തിൽ പൊയ്ക്കൊണ്ടിരിക്കുന്ന മേഖലയെ നഷ്ടമെന്ന് ചാപ്പകുത്തി മുതലാളിമാർക്ക് എറിഞ്ഞുകൊടുക്കുന്നത്.










0 comments