ad
Deshabhimani

റോഡ്‌ നന്നാക്കാൻ 3 ലക്ഷം വാങ്ങിയ കേസ്‌: കൊച്ചി മേയർ വി കെ മിനിമോൾക്ക്‌ കുരുക്ക്‌

VK Minimol.jpg
വെബ് ഡെസ്ക്

Published on Apr 11, 2026, 08:49 AM | 1 min read

കൊച്ചി: റോഡ്‌ നന്നാക്കാമെന്ന്‌ വാഗ്‌ദാനം നൽകി മൂന്നുലക്ഷം തട്ടിയെടുത്തെന്ന കേസിൽ കൊച്ചി മേയർ വി കെ മിനിമോൾക്ക്‌ കുരുക്ക്‌ മുറുകുന്നു. പണം ആവശ്യപ്പെട്ട്‌ മിനിമോൾ നൽകിയ കത്ത്‌ ഉൾപ്പെടെയുള്ള രേഖകൾ പുറത്തുവന്നു. റോഡ്‌ പ്രവൃത്തിക്കായുള്ള തുക കൈമാറണം എന്നാവശ്യപ്പെട്ടാണ്‌ മിനിമോൾ ഫ്ലാറ്റ്‌ നിർമാണക്കമ്പനിക്ക്‌ കത്ത്‌ നൽകിയത്‌. 2019 ഫെബ്രുവരി 13നായിരുന്നു ഇത്‌. മൂന്നുലക്ഷം രൂപയുടെ ചെക്ക്‌ കൈമാറിയെന്ന്‌ വ്യക്തമാക്കുന്ന കമ്പനിയുടെ രേഖയും പുറത്തുവന്നു. മിനിമോൾ സ്വന്തം അക്ക‍ൗണ്ടിലേക്ക്‌ പണം വാങ്ങിയതായും പിടിവീഴുമെന്ന്‌ ഉറപ്പായപ്പോൾ തുക മടക്കിനൽകിയെന്നും വിജിലൻസ് റിപ്പോർട്ടിലുമുണ്ട്‌.


മിനിമോൾ പാലാരിവട്ടം ഡിവിഷൻ ക‍ൗൺസിലറായിരിക്കെ 2018, 2019 കാലയളവിലായിരുന്നു സംഭവം. ഇവർക്കെതിരെ അന്വേഷണം വേണമെന്നും ഇതിനായി അഴിമതി നിരോധന നിയമം വകുപ്പ്‌ 19 പ്രകാരം സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി തേടാനും മൂവാറ്റുപുഴ വിജിലൻസ്‌ കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. മിനിമോൾ പണം വാങ്ങിയതിന്‌ തെളിവുകളുണ്ടെന്നും ഒ‍ൗദ്യോഗികപദവി ദുരുപയോഗം ചെയ്‌തെന്നും ഉത്തരവിലുണ്ടായിരുന്നു. പിരിച്ചെടുത്ത പണം നിർമാണത്തിന്‌ ചെലവഴിച്ചിട്ടില്ലെന്നും പരാതി ഉയർന്നപ്പോൾ തുക തിരികെനൽകിയെന്ന വാദം നിലനിൽക്കില്ലെന്നും വിജിലൻസ്‌ കോടതി വ്യക്തമാക്കിയിരുന്നു.

kochi mayorപണം ആവശ്യപ്പെട്ട് നൽകിയ കത്ത്

പാലാരിവട്ടം പെരിങ്ങാട്ട് റസിഡന്റ്സ് പ്രദേശത്ത്‌ ഫ്ലാറ്റ്‌ നിർമാണത്തിന്‌ കളവത്ത്‌ ക്രോസ്‌ റോഡിലൂടെ നിർമാണസാമഗ്രികൾ കൊണ്ടുപോകുമ്പോൾ റോഡ്‌ നശിക്കുമെന്ന്‌ ആശങ്ക ഉയർന്നിരുന്നു. റോഡ്‌ തകർന്നാൽ നന്നാക്കാൻ അഞ്ചുലക്ഷം സെക്യൂരിറ്റി ഡെപ്പോസിറ്റായി നിർമാണക്കമ്പനി നൽകി. റോഡിന്‌ കേടുപാടുണ്ടായപ്പോൾ മിനിമോളുടെ നിർദേശപ്രകാരം റസി. അസോസിയേഷൻ യോഗം ചേർന്നു. റോഡ് പുനർനിർമിക്കാമെന്നും ജോലികൾ കോർപറേഷൻ കരാറുകാർവഴി നടത്താമെന്നും മിനിമോൾ ഉറപ്പുനൽകി. നിർമാണക്കമ്പനി നൽകിയ തുക കൈമാറാനും ആവശ്യപ്പെട്ടു.


തുടർന്ന്‌ മൂന്നുലക്ഷം രൂപ അസോസിയേഷൻ മിനിമോൾക്ക്‌ കൈമാറി. കരാറുകാരൻ അറ്റകുറ്റപ്പണി നടത്തി. എന്നാൽ, മുഴുവൻ ചെലവും കോർപറേഷനാണ് വഹിച്ചതെന്നും മിനിമോൾ പണം വിനിയോഗിച്ചിട്ടില്ലെന്നും വ്യക്തമായതോടെ റസി. അസ. സെക്രട്ടറി കോടതിയെ സമീപിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home