ad
Deshabhimani

print edition പറക്കാനൊരുങ്ങി കൊച്ചി–ലക്ഷദ്വീപ്‌ സീപ്ലെയിൻ

SEA PLANE
വെബ് ഡെസ്ക്

Published on May 10, 2026, 12:00 AM | 1 min read

കൊച്ചി: കൊച്ചിയിൽനിന്ന്‌ ലക്ഷദ്വീപിലെ അഞ്ച്‌ ദ്വീപുകളിലേക്ക്‌ വാണിജ്യാടിസ്ഥാനത്തിൽ സീപ്ലെയിൻ സർവീസിന്‌ അടുത്തയാഴ്‌ചയോടെ തുടക്കമായേക്കും. സർവീസിന്‌ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡിജിസിഎ)നിന്ന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (എഒസി) ലഭിച്ച സ്കൈഹോപ്പ് ഏവിയേഷന്റെ സീപ്ലെയിൻ കഴിഞ്ഞദിവസം കൊച്ചി വിമാനത്താവളത്തിലെത്തി. പരീക്ഷണ പറക്കലുകൾ പൂർത്തിയാകുന്നതോടെ, അന്തിമാനുമതി ലഭിച്ചാലുടൻ സർവീസ്‌ തുടങ്ങും. ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിൻ യാത്ര ഉൾപ്പെട്ട വിനോദസഞ്ചാര പാക്കേജുകളും വിവിധ ട്രാവൽ ആൻഡ്‌ ടൂറിസം കന്പനികൾ പരസ്യപ്പെടുത്തിയിട്ടുണ്ട്‌.


ഡിജിസിഎ അംഗീകാരം ലഭിച്ച രാജ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ സീപ്ലെയിൻ സർവീസിനാണ്‌ കൊച്ചിയിൽ തുടക്കമാകുക. ഏപ്രിലിലാണ്‌ സ്‌കൈഹോപ്‌ ഏവിയേഷന്‌ ഡിജിസിഎയുടെ അനുമതിയായത്‌. റൺവേയില്ലാതെ, ജലപ്പരപ്പിൽനിന്ന്‌ പറന്നുയരാനും ഇറങ്ങാനും കഴിയുന്ന സീപ്ലെയിൻ സർവീസിന്‌ ‘വൈകിങ് ഡിഎച്ച്‌സി 6400 ട്വിൻ ഒട്ടേ’ വിമാനങ്ങളാണ്‌ ഉപയോഗിക്കുക. 19 പേർക്ക്‌ യാത്ര ചെയ്യാനാകും. ലക്ഷദ്വീപിലെ കൽപേനി, ചെറിയം, അഗത്തി, കവരത്തി, കിൽത്തൻ, കടമാട്ട്‌ ദ്വീപുകളിലേക്കാവും സർവീസ്‌. കപ്പൽയാത്രയ്‌ക്ക്‌ 14 മുതൽ 20 മണിക്കൂർവരെ ആവശ്യമുള്ളപ്പോൾ സീപ്ലെയിനിൽ ഒന്നരമണിക്കൂറിൽത്താഴെ മതി.


യാത്രാനിരക്കും സമയക്രമവും സംബന്ധിച്ച തീരുമാനങ്ങൾ വന്നില്ലെങ്കിലും പ്രമുഖ ട്രാവൽ കന്പനികൾ നിരക്കുകളും പാക്കേജുകളും പ്രഖ്യാപിച്ച്‌ ബുക്കിങ് ആരംഭിച്ചു. ഒരുവശത്തേക്കുള്ള യാത്രയ്‌ക്ക്‌ 12,000 രൂപയാണ്‌ ഏകദേശ നിരക്ക്‌. കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതിപ്രകാരം ഏതാനും സീറ്റുകളിൽ സ‍ൗജന്യനിരക്കും അനുവദിച്ചേക്കും. പ്രമുഖ കന്പനികൾ 44,000 രൂപ മുതലുള്ള പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്‌. ടൂറിസ്‌റ്റ്‌ ഹബ്‌ ഹോളിഡേയ്‌സിന്റെ പാക്കേജിൽ കുറഞ്ഞനിരക്ക്‌ 69,000 രൂപയാണ്‌. മൂന്ന്‌ രാത്രിയും നാല്‌ പകലും ലക്ഷദ്വീപിൽ ഡീലക്‌സ്‌ സ‍ൗകര്യമുൾപ്പെടെയാണിത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home