print edition യുഡിഎഫ് സര്‍ക്കാരിന്റെ അനാസ്ഥ; മത്സ്യത്തൊഴിലാളി പ്രതിഷേധസദസ്സ് ഇന്ന്

കൊച്ചി: കടലിൽ പോയി കാണാതായ മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ നിസ്സംഗത പാലിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) പ്രക്ഷോഭത്തിന്. സര്‍ക്കാരിന്റെ വഞ്ചനാനിലപാടില്‍ പ്രതിഷേധിച്ച് ശനിയാഴ്‌ച സംസ്ഥാനത്തെ മുഴുവന്‍ മത്സ്യത്തൊഴിലാളി മേഖലകളിലും സായാഹ്ന പ്രതിഷേധസദസ്സും 11ന് സെക്രട്ടറിയറ്റ് മാര്‍ച്ചും നടത്തുമെന്ന് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി ചിത്തരഞ്ജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിഴിഞ്ഞത്തുനിന്ന് പോയ ജോൺ മത്യാസ്, മുതലപ്പൊഴിയിൽനിന്ന് കാണാതായ ഫ്രീമോൻ, നീണ്ടകര പുത്തൻതുറയിലെ ഗൗതം കൃഷ്‌ണ, ആലപ്പുഴ കാടൂർ സ്വദേശി പുഷ്‌പാംഗദൻ എന്നിവരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. തൊഴിലാളികളുടെ വീടുകളിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനോ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനോ ഫിഷറീസ് മന്ത്രി തയ്യാറായിട്ടില്ല.
"മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായാൽ കിട്ടാൻ സമയം എടുക്കും' എന്ന മന്ത്രി കെ മുരളീധരന്റെ പ്രസ്‌താവന സർക്കാരിന് ജനങ്ങളോടുള്ള പുച്ഛമാണ് കാണിക്കുന്നത്. കടലിൽ പോകുന്ന തൊഴിലാളികൾക്ക് കൃത്യമായ കാലാവസ്ഥാമുന്നറിയിപ്പ് നൽകുന്നതിൽ സർക്കാർ പൂർണപരാജയമായി. തിരച്ചിലിന് അയച്ച സർക്കാർ ബോട്ടുകളിൽ ഡീസൽ പോലുമില്ലാതിരുന്നത് അനാസ്ഥ വ്യക്തമാക്കുന്നു.
തിരുവനന്തപുരത്ത് കടലിൽ കാണാതായ അച്ഛനെക്കുറിച്ചുള്ള സങ്കടം പങ്കിട്ട പെൺകുട്ടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ കോൺഗ്രസ്, -ലീഗ് സൈബർ ക്രിമിനലുകൾ ക്രൂരമായ ആക്രമണമാണ് നടത്തിയത്. മുഖ്യമന്ത്രി വി ഡി സതീശനും വാര്‍ത്താസമ്മേളനത്തില്‍ മത്സ്യത്തൊഴിലാളികളെ അപഹസിച്ചെന്ന് ചിത്തരഞ്ജന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ ജെ ആന്റണി, സെക്രട്ടറി യേശുദാസ് പറപ്പിള്ളി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.










0 comments