Deshabhimani

print edition 'ബോസിനായി’ അന്വേഷണം; ജൂത സിനഗോഗിന്‌ നേരെ ആക്രമണം:
പ്രതിക്ക്‌ പാക്‌ തീവ്രവാദ ബന്ധമെന്ന്‌ സംശയം

Jew.jpg
വെബ് ഡെസ്ക്

Published on Oct 14, 2026, 12:00 AM | 1 min read

കൊച്ചി: എറണാകുളം മാർക്കറ്റിലെ ജൂത ആരാധനാലയമായ കടവുഭാഗം സിനഗോഗിന്‌ നേർക്കുണ്ടായ ആക്രമണത്തിൽ അറസ്‌റ്റിലായ പ്രതിക്ക്‌ പാകിസ്ഥാൻ തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന്‌ സംശയം. ഇക്കാര്യം സൂചിപ്പിക്കുന്ന രേഖകൾ അന്വേഷക സംഘത്തിന്‌ ലഭിച്ചതായാണ്‌ വിവരം.


പുത്തൻകുരിശ് ഐക്കരനാട്‌ കുന്നത്ത്‌ കവലമുഴി വീട്ടിൽ എബിൻ ബി പോളിനെ(32)യാണ്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കേന്ദ്ര ഏജൻസികൾ എബിൻ പോളിനെ ചോദ്യം ചെയ്‌തു. ഇയാളുടെ വീട്ടിലെ പരിശോധനയിൽ രാസലഹരിയും പിടിച്ചെടുത്തു.


പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സിനഗോഗിന് 24 മണിക്കൂറും പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. എന്നിട്ടും ആക്രമണമുണ്ടായത്‌ ഗുരുതര സുരക്ഷാവീഴ്‌ചയാണെന്ന്‌ ആരോപണമുയർന്നു.


തിങ്കൾ പുലർച്ചെ രണ്ടരക്കാണ്‌ തീവയ്പുണ്ടായത്. സിനഗോഗിനു മുന്നിൽ മാനേജിങ് ട്രസ്റ്റി പരിപാലിക്കുന്ന ഹോർട്ടികൾച്ചർ നഴ്സറിയുടെ ബാനറുകളിലും ഫ്ലക്സുകളിലും പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കാറിൽ വന്ന എബിൻ വാഹനം മാറ്റിയിട്ട്‌ കൈയിലിരുന്ന ക്യാനിലെ പെട്രോൾ നഴ്സറിയിലേക്ക് മുഴുവനായി ഒഴിച്ചു. തുടർന്ന്‌ മാറി നിന്ന് തീ എറിഞ്ഞു. ഇതെല്ലാം വീഡിയോയിൽ പകർത്തി. സംഭവശേഷം അവിടെനിന്നും കടന്നു.


സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ വാഹനം മനസിലാക്കി. തുടർന്ന്‌ പ്രതിയുടെ വീട്‌ കണ്ടെത്തി അവിടെനിന്നും പിടികൂടി. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ പാകിസ്ഥാനിലെ തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുള്ളതായ ചില രേഖകൾ കണ്ടെത്തിയെന്നാണ്‌ വിവരം.


പ്രതി ‘ബോസ്’ എന്ന് വിളിക്കുന്ന ഒരാൾ കൊടുക്കുന്ന ലക്ഷ്യം അതേപോലെ നിർവഹിക്കുകയാണെന്നും കണ്ടെത്തി. ക്രിപ്റ്റോ കറൻസി വഴിയാണ്‌ പ്രതിഫലം കൈപ്പറ്റിയിരുന്നത്‌. ടെലിഗ്രാം ചാറ്റുകളും കണ്ടെത്തി. ബോസിന്റെ യഥാർഥ പേര്‌ ഇയാൾക്ക്‌ അറിയില്ല. ഡൽഹി, ഉത്തർപ്രദേശ്, മുംബൈ, അമൃത്‌സർ എന്നീ സ്ഥലങ്ങളിൽ സ്ഫോടനങ്ങൾ നടത്തണമെന്ന് ബോസ്‌ സന്ദേശം അയച്ചതും കണ്ടെത്തിയിട്ടുണ്ട്‌.


മൂവാറ്റുപുഴയിൽ യൂസ്ഡ് കാർ ഷോറൂമിലും ഇതേ രീതിയിൽ കുറ്റകൃത്യം ചെയ്തിട്ടുണ്ട്‌. ഇയാൾ താമസിച്ചിരുന്ന വടയമ്പാടി പത്താംമൈലിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് 105 ഗ്രാം രാസലഹരി പിടികൂടിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home