print edition കുഴൽനാടന്റെ ചിത്രം കത്തിച്ചു, കെസിയുടെ മുഖം വെട്ടി

കൊച്ചി: കോൺഗ്രസിലെ മുഖ്യമന്ത്രിതർക്കത്തിൽ മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടന്റെ ചിത്രം കത്തിച്ച് യൂത്ത് ലീഗ് പ്രവർത്തകർ. ആയവന പുന്നമറ്റത്ത് വ്യാഴം വൈകിട്ടാണ് സംഭവം. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്ന വിഷയത്തിൽ ലീഗ് അഭിപ്രായം പറയേണ്ടെന്ന കുഴൽനാടന്റെ പ്രസ്താവനയ്ക്ക് എതിരെയായിരുന്നു പ്രതിഷേധം.
മുസ്ലിംലീഗ് പുന്നമറ്റം ശാഖാ കമ്മിറ്റി സ്ഥാപിച്ച ഫ്ലക്സ് ബോർഡിൽ കുഞ്ഞാലിക്കുട്ടി, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ ചിത്രങ്ങൾക്ക് താഴെയുള്ള മാത്യു കുഴൽനാടന്റെ ചിത്രം വെട്ടിയെടുത്താണ് കത്തിച്ചത്.
കളമശേരിയിൽ കെ സി വേണുഗോപാലിന്റെ മുഖം വെട്ടി സതീശൻ വിഭാഗം പ്രതിഷേധിച്ചു. സതീശൻ വിഭാഗത്തിന് സ്വാധീനമുള്ള കളമശേരിയിൽ വ്യാപകമായി കെ സി വേണുഗോപാലിന്റെ ബോർഡുകൾ വച്ചിരുന്നു.
‘സേനാധിപനുമല്ല മന്ത്രിയുമല്ല; ഒരേയൊരു രാജാവ്’ എന്നെഴുതിയ ബോർഡുകളാണ് ദേശീയപാതയിലും എച്ച്എംടി റോഡിലും വച്ചത്. വ്യാഴം രാവിലെയോടെയാണ് എച്ച്എംടി കവലയിൽ ഓട്ടോ സ്റ്റാൻഡിനോടുചേർന്ന് സ്ഥാപിച്ച ബോർഡിൽ മുഖത്തിന്റെ ഒരുഭാഗം വെട്ടിയെടുത്തതായി കണ്ടത്.
പെരുമ്പാവൂരിൽ എ ഗ്രൂപ്പുകാർ കെ സി വേണുഗോപാലിനും ഐ ഗ്രൂപ്പുകാർ രമേശ് ചെന്നിത്തലയ്ക്കും വേണ്ടി ബോർഡുകൾ സ്ഥാപിച്ചു. പെരുമ്പാവൂർ ഇന്ദിര ഭവനുമുന്നിലും യാത്രി നിവാസിലും ഔഷധി ജങ്ഷനിലുമാണ് ബോർഡുകൾ സ്ഥാപിച്ചത്.
അതേസമയം, കുന്നത്തുനാട്ടിൽ വി ഡി സതീശന് അനുകൂലമായ ഫ്ലക്സ് ബോർഡുകളും ഉയർന്നു. വാഴക്കുളം സ്കൂൾ ജങ്ഷനിൽ ഉൾപ്പെടെ സതീശന് അഭിവാദ്യവുമായി ഫ്ലക്സുകൾ ഉയർന്നിട്ടുണ്ട്. കൊച്ചി നഗരത്തിൽ പലയിടത്തും രമേശ് ചെന്നിത്തലയ്‌ക്കും വേണുഗോപാലിനും അനുകൂലമായി ബോർഡുകൾ വന്നിട്ടുണ്ട്.










0 comments